Fri. Nov 22nd, 2024
കൽപ്പറ്റ:

വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാൻ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ നടപ്പാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച്‌ ജില്ലക്ക്‌ പ്രത്യേകമായി പദ്ധതി വരുന്നു. മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന ജനപ്രതിനിധകളുടെയും കർഷക പ്രതിനിധികളുടെയും യോഗത്തിലാണ്‌ തീരുമാനം.

എംഎൽഎമാരുടെ വികസന നിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, തൊഴിലുറപ്പു പദ്ധതി എന്നിവ ഉപയോഗപ്പെടുത്തും. തൊഴിലുറപ്പു പദ്ധതി വഴി ഇവയുടെ പരിപാലനവും നിർവഹിക്കാനാകും. പദ്ധതി തയ്യാറാക്കുന്നതിനുള്ള നോഡൽ ഓഫീസറായി കലക്ടറെ ചുമതലപ്പെടുത്തി.

സംസ്ഥാന വ്യാപകമായി വനാതിർത്തികളിൽ വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം സ്വരൂപിച്ചതായി മന്ത്രി അറിയിച്ചു.വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും കാർഷിക വിളകൾ നഷ്ടപ്പെടുന്നവർക്കമുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കും. കാർഷിക വിളകൾ നഷ്ടപ്പെടുന്നവർക്ക് വിള ഇൻഷൂറൻസ് പദ്ധതികളിലൂടെ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്‌ കർഷകരെ ബോധവൽക്കരിക്കാൻ മന്ത്രി നിർദേശം നൽകി.

ഇത്തരത്തിലുള്ള രണ്ട് കേന്ദ്ര പദ്ധതികളിൽ ഉൾപ്പെടെ വനാതിർത്തികളിലുള്ള മുഴുവൻ കർഷകരെയും ഉൾപ്പെടുത്തുന്നതിന് ജില്ലയിൽ പൈലറ്റ് പദ്ധതി തയ്യാറാക്കും. വന്യജീവി ശല്യം തയുന്നതിന് റബർ ബുള്ളറ്റ് ഉപയോഗിക്കുന്നതിന്റെ നിയമവശം പരിശോധിക്കും.ജനങ്ങളുമായി ബന്ധമില്ലാത്ത വകുപ്പായി വനം വകുപ്പിനെ മാറ്റരുത്‌.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കാര്യത്തിൽ മനുഷ്യപക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയണം. വന്യമൃഗങ്ങളുടെ കടന്നാക്രമണംമൂലം ജീവനാശവും കൃഷി നാശവും സംഭവിക്കുന്നത് തടയാൻ പ്രായോഗികമായ നിർദേശങ്ങൾ സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിനു മുന്നോടിയായി ജില്ലയിൽ വിവിധ കർഷക സംഘടനാ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. കലക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ ഒ ആർ കേളു, ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ, കലക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.