കൊല്ലം:
യാത്രക്കാർക്ക് ആശ്വാസമായി കൊല്ലം- എറണാകുളം മെമു അൺറിസർവ്ഡ് എക്സ്പ്രസായി 30 മുതൽ ദിവസവും സർവിസ് നടത്തും. റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. കൊല്ലത്തുനിന്ന് കോട്ടയം വഴിയാണ് സർവിസ്. പാസഞ്ചറിനു സ്റ്റോപ്പുണ്ടായിരുന്ന പെരിനാട്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിർത്തും.
ജില്ലയിൽ മൺറോതുരുത്തിൽ സ്റ്റോപ്പില്ലാത്തതാണ് ന്യൂനത. 30ന് വൈകീട്ട് 6.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമു 7.45 ന് കോട്ടയത്തെത്തും. രാത്രി 11.15ന് കൊല്ലത്തെത്തും. രാവിലെ നാലിനാണ് കൊല്ലം സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നത്. 6.15ന് കോട്ടയത്തും 8.25ന് എറണാകുളത്തുമെത്തും.
അൺറിസർവ്ഡ് ട്രെയിൻ അനുവദിക്കണമെന്നത് യാത്രക്കാരുടെ ദീർഘനാളായ ആവശ്യമായിരുന്നു. മെമു എക്സ്പ്രസായി സർവിസ് നടത്തുമ്പോൾ നിരക്കും എക്സ്പ്രസ് ട്രെയിനിന്റെത് ഈടാക്കുമെന്നാണ് ലഭിക്കുന്ന വിവരം.