Mon. Dec 23rd, 2024
പുൽപള്ളി:

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആതിഥ്യം സ്വീകരിച്ച് മുങ്ങിയ സംഭവത്തിനു പിന്നാലെ വയനാടൻ വനമേഖല ഉന്നതങ്ങളിലെ വിരുന്നുകാർ കയ്യടക്കുന്ന വിവരങ്ങളും പുറത്താകുന്നു. വന്യജീവി സങ്കേതത്തിലും സൗത്ത് വയനാട്, നോർത്ത് വയനാട് വനം ഡിവിഷനുകളിലും ദിവസേന ഒട്ടേറെ അതിഥികളെത്തി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആക്ഷേപം. മന്ത്രി ബന്ധുക്കൾ, അനുയായികൾ, ഉന്നത വനപാലകരുടെ ബന്ധുക്കൾ, സ്വന്തക്കാർ, നേതാക്കൾ, ഉപകാരികൾ, അവരുടെ സിൽബന്ദികൾ എന്നീ നിലയിലാണു ദിവസേന വിരുന്നുകാരെത്തുന്നത്.

വന സങ്കേതങ്ങളില്‍ രാപാർക്കുന്നതിനു പുറമേ സർക്കാർ വാഹനങ്ങളും സൗകര്യങ്ങളും ദുരുപയോഗപ്പെടുത്തി വനസവാരി നടത്തുന്നതുമാണ് മുഖ്യ പരിപാടി. മുത്തങ്ങ, തോൽപെട്ടി, കുറിച്യാട്, മേപ്പാടി, ചെതലയം, ബത്തേരി ഭാഗത്തേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ശുപാര്‍ശയിലാണു സംഘമെത്തുന്നത്.

അവര്‍ക്കുള്ള സൗകര്യങ്ങളൊരുക്കേണ്ടതും താമസ സ്ഥലം വൃത്തിയാക്കേണ്ടതും ഭക്ഷണമൊരുക്കേണ്ടതും വനസവാരിക്ക് ആനയിക്കേണ്ടതുമെല്ലാം താഴെതട്ടിലെ ജീവനക്കാരാണ്.മദ്യപിച്ചു ലക്കുകെട്ട് ചില അതിഥികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ചില്ലറയല്ല. വന്യജീവി സങ്കേതത്തില്‍ വിരുന്നെത്തിയ ഒരു സംഘം മദ്യലഹരിയില്‍ സ്ഥലം റേഞ്ച് ഓഫിസറെ ആക്രമിക്കുകയും വാഹനത്തില്‍ നിന്നു തള്ളിയിടുകയുമുണ്ടായി.

എതിര്‍ത്തപ്പോള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മുങ്ങി. തലസ്ഥാനത്ത് പിടിപാടുള്ളവരായതിനാല്‍ ആരും പരാതിക്കും മുതിര്‍ന്നില്ല.ഓണത്തിന് മുൻപേ ജില്ലയിലെത്തി ഇപ്പോഴും പോകാതെ വനത്തില്‍ ചുറ്റിയടിക്കുന്ന സംഘം വയനാട്ടിലുണ്ട്. ഓണക്കാലത്ത് എല്ലാ റേഞ്ചുകളിലും വിരുന്നുകാരുണ്ടായിരുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ പരിശോധനകള്‍ എന്ന പേരിലെത്തി സൗകര്യങ്ങള്‍ ചൂഷണം ചെയ്യുന്നതിനു പുറമേയാണ് അവരുടെ ശുപാര്‍ശയില്‍ വ്യാജന്‍മാരെത്തുന്നത്.സ്ഥലത്തെത്തിയാല്‍ പിന്നെ ഇവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടേണ്ടത് വകുപ്പിന്റെ വാഹനങ്ങളും. മദ്യം വാങ്ങാനും ഭക്ഷണം വാങ്ങാനുമെല്ലാം സ്ഥിരമായി എത്തുന്ന വനംവകുപ്പ് വാഹനങ്ങളെയും ജീവനക്കാരെയും നാട്ടുകാര്‍ക്കറിയാം.

വിരുന്നുകാരെത്തുന്നത് ഏത് ആഘോഷദി വസമാണെങ്കിലും ഇവര്‍ക്ക് സേവയുമായി ദിവസവേതന വാച്ചര്‍മാര്‍ സ്ഥലത്തുണ്ടാവണം. കെടുതികളിലധികവും നേരിടേണ്ടതും അവരാണ്.