Thu. Jan 9th, 2025
കോട്ടയം:

വാഹനത്തിൽ ഇരുന്നു തന്നെ വാക്സീൻ സ്വീകരിക്കുന്ന സംവിധാനമായ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ നടപ്പാക്കി. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലെ ക്യാംപിലാണു പദ്ധതി നടപ്പാക്കിയത്. വാക്സീൻ സ്വീകരിച്ച ശേഷം നിരീക്ഷണ സമയമായ അരമണിക്കൂറും വാഹനത്തിൽ തന്നെ ചെലവഴിക്കും വിധത്തിലായിരുന്നു ക്രമീകരണം.

അതിരമ്പുഴയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും മുൻകൂട്ടി അറിയിപ്പ് നൽകിയവരാണ് വാഹനങ്ങളിൽ എത്തിയത്. തിരക്ക് ഒഴിവാക്കുന്നതിന് ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങൾക്കു വീതം ടോക്കൺ നൽകി പാരിഷ് ഹാൾ വളപ്പിലേക്കു വിട്ടു.

ആരോഗ്യ പ്രവർത്തകരുടെ മൂന്നു ടീമുകളാണു വാക്സീൻ നൽകിയത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്യാംപിൽ 834 പേർ വാക്സീൻ സ്വീകരിച്ചു. ജില്ലയിൽ ഡ്രൈവ് ത്രൂ വാക്സീൻ പദ്ധതിക്കു സ്ഥിര സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണെന്നു കലക്ടർ ഡോ പി കെ ജയശ്രീ പറഞ്ഞു.