പത്തനംതിട്ട:
ജില്ലയിലെ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി വരുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ ചെയർമാനായി ജില്ലാതല സബ് കമ്മിറ്റിക്ക് രൂപം നൽകി. പന്ത്രണ്ടാം ക്ലാസിനൊപ്പം പതിനൊന്നാം ക്ലാസിലും 16 വിഷയങ്ങൾക്ക് പഠനസാമഗ്രി തയാറാക്കി നൽകാൻ തീരുമാനിച്ചു.
അധ്യാപകരുടെ റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും അവരുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. 2019-20 ൽ കൈത്താങ്ങ് എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പന്ത്രണ്ടാം ക്ലാസുകാർക്ക് വേണ്ടി നടപ്പാക്കുകയും അതിന്റെ ഫലമായി വിജയശതമാനത്തിൽ പതിനാലാം സ്ഥാനത്തായിരുന്ന ജില്ലയെ 11-ാ സ്ഥാനത്തെത്തിക്കാൻ കഴിയുകയും ചെയ്‌തു.
എന്നാൽ, കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കിയിരുന്നില്ല. ഈ വർഷം വീണ്ടും 14-ാം സ്ഥാനത്തായി. ഈ പശ്ചാത്തലത്തിലാണ് നമ്മളെത്തും മുന്നിലെത്തും എന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തത്.
പ്രധാനമായും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും നഗരസഭകളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുക. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായി. എസ് വി സുബിൻ, പി കെ അനീഷ്, കൃഷ്ണകുമാർ, സാബു സി മാത്യു, രാജേഷ് എസ് വള്ളിക്കോട്, കെ സുധ, പി ആർ ഗിരീഷ് കൊടുമൺ, ലിൻസി, നന്ദകുമാർ എന്നിവർ സംസാരിച്ചു.