Thu. Apr 25th, 2024
കാട്ടാക്കട:

വാക്‌സിൻ വിതരണം സംബന്ധിച്ച് ജനപ്രതിനിധികളും മെഡിക്കൽ ഓഫിസറും തമ്മിൽ രൂക്ഷമായ വാക്കേറ്റം. കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിനു ഇന്നലെ അനുവദിച്ച വാക്‌സിൻ മുഴുവൻ വേണ്ടെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചതാണ് വാക്കേറ്റത്തിൽ കലാശിച്ചത്.

പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാറും ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങളും മെഡിക്കൽ ഓഫിസർ ഡോ നെൽസന്റെ നടപടി ചോദ്യം ചെയ്തു. പൂവച്ചൽ പഞ്ചായത്ത് പരിധിയിൽ 60 വയസ്സ് കഴിഞ്ഞവരുൾപ്പെടെ പകുതി പേർക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചില്ല.

ആവശ്യത്തിനു വാക്സിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണ–പ്രതിപക്ഷ അംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസറെ കഴിഞ്ഞ ആഴ്ച ഉപരോധിച്ചു. സ്പോട്ട് റജിസ്ട്രേഷൻ ഒഴിവാക്കുകയും ഓൺ ലൈൻ റജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.

ഇതോടെ ടോക്കണുമായി വന്നവർ വാക്സീൻ ലഭിക്കാതെ മടങ്ങി. ഇതാണ് ജനപ്രതിനിധികളെ രോഷാകുലരാക്കിയത്. തങ്ങളുടെ ശ്രമഫലമായി കൂടുതൽ വാക്സിൻ ആശുപത്രിക്ക് ലഭ്യമാക്കി യപ്പോൾ ഇത് നിരസിച്ചത് എന്തിനെന്ന് ആയിരുന്നു ജനപ്രതിനിധികളുടെ ചോദ്യം.

വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എത്തി. മെഡിക്കൽ ഓഫിസർ തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആശുപത്രിയായിട്ടും തങ്ങളെ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും നടപടി ഉണ്ടാകുമെന്നും പരസ്യമായി പറഞ്ഞതോടെ പഞ്ചായത്ത് അംഗങ്ങൾ ശാന്തരായി.

ആശുപത്രിയിൽ രണ്ട് ജീവനക്കാർക്ക് കോവിഡ് ആയതിനാൽ ഇത്രയും പേർക്ക് വാക്സിൻ നൽകാൻ ബുദ്ധിമുട്ട് ആയതിനാലാണ് എണ്ണം ചുരുക്കിയതെന്നു മെഡിക്കൽ ഓഫിസർ ഡോ നെൽസൺ പറഞ്ഞു.