ഗൂഡല്ലൂർ:
കാട്ടാനകൾ വീടുകൾ തകർക്കുന്നത് പതിവായതോടെ പരിഹാരമാർഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ റോഡ് ഉപരോധിച്ചു. ദേവാല, ഹട്ടി, മൂച്ചികുന്ന്, നാടുകാണി ഉൾപ്പെടെയുള്ള മേഖലയിലുള്ള ജനങ്ങളും വ്യാപാരികളും രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കം ഉപരോധത്തിൽ പങ്കെടുത്തു.മുൻ എം എൽ എ ദ്രാവിഡമണി, തഹസിൽദാർ ശിവകുമാർ, ഡി എഫ് ഒ ഓംകാർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
കുങ്കിയാനകളെ ഉപയോഗിച്ച് ആനകളെ ഉൾ വനത്തിലേക്ക് വിരട്ടിവിടാൻ തീരുമാനിച്ചു. വനപാലകരുടെ നിരീക്ഷണം ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസം ദേവാല ഹട്ടിയിൽ മൂന്ന് വീടുകളാണ് കാട്ടാനകൾ തകർത്തത്.
കഴിഞ്ഞ രണ്ടുമാസമായി വീടുകൾക്ക് നേരെയുള്ള ആക്രമണം തുടങ്ങിയിട്ട്.കൈവശ ഭൂമിയിലെ കുടിയിരിപ്പായതിനാൽ നഷ്ടപരിഹാരമൊന്നും ലഭിക്കുകയുമില്ല. പട്ടയമുള്ളതോ ഇല്ലാത്തതോ എന്നുനോക്കാതെ മാനുഷിക പരിഗണന നൽകി വീടുകൾ പുനർനിർമിച്ച് നൽകുകയോ നഷ്ടപരിഹാരം നൽകുകയോ വേണമെന്ന ആവശ്യം ശക്തമാണ്.