Fri. May 3rd, 2024

അഗളി ∙

ഓണവിപണിയിലേക്ക് ഇത്തവണ അട്ടപ്പാടിയിൽനിന്നു ചുരമിറങ്ങിയത് 43 ടൺ പച്ചക്കറി. പാലക്കാട്‌ ഹോർട്ടികോർപ് വഴി അഗളി ബ്ലോക്ക്‌ ലെവൽ ഫാർമേഴ്‌സ് ഓർഗനൈസേഷനാണ് കർഷകരുടെ പച്ചക്കറി വിപണിയിലെത്തിച്ചത്. കൃഷിവകുപ്പിനു കീഴിലാണു കർഷക കൂട്ടായ്മ പ്രവർത്തിക്കുന്നത്.

വിവിധ ജില്ലകളിൽ ഹോർട്ടികോർപിന്റെ ചന്തകളിൽ ഇത്തവണ അട്ടപ്പാടി പച്ചക്കറികളും കാർഷികോൽപന്നങ്ങളും ലഭ്യമായിരുന്നു. ചെറിയ ഉള്ളി, തക്കാളി, പാവയ്ക്ക, മുളക്, ബീൻസ്, പടവലം, മുള്ളങ്ങി, മത്തൻ, കുമ്പളം, വെള്ളരി, പയർ, കറി നാരങ്ങ, ചുരക്ക, ചേന, ചേമ്പ് തുടങ്ങിയവയ്ക്കെല്ലാം ആവശ്യക്കാരേറെയായിരുന്നു.

അഗളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലത ശർമയുടെ നേതൃത്വത്തിൽ, കൃഷി വകുപ്പ് ജീവനക്കാരായ പി വിജയകുമാർ, നൗഷാദ് ചേന്നാട്ട് എന്നിവരുടെ ശ്രമഫലമായാണ് അട്ടപ്പാടിയിൽനിന്ന് ഇത്രയധികം പച്ചക്കറികൾ ഒരാഴ്ചകൊണ്ട് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞത്.

ഓണ വിപണിയിലേക്ക് സംഭരിച്ച പച്ചക്കറികളുടെ വില ബിഎൽഎഫ്ഒയുടെ കരുതൽ ധനത്തിൽനിന്നു കർഷകർക്കു നൽകി. ഓണം വിപണിയിൽ വില നിയന്ത്രണത്തിനായി മേഖലയിലെ 3 പഞ്ചായത്തുകളിലും ഓണ സമൃദ്ധി ചന്തകൾ നടത്തി.

ഈ ചന്തകളിലും പ്രദേശികമായി വിളഞ്ഞ ഉൽപന്നങ്ങൾ 30 ശതമാനം വിലക്കുറവിൽ ഗുണഭോക്താക്കൾക്കു നൽകിയതായി സമിതി ഭാരവാഹികളായ രാധാകൃഷ്ണനും സുന്ദർരാജും പറഞ്ഞു.