ഇടുക്കി:
അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞത് 14 മണിക്കൂർ. ഇന്നലെ വൈകുന്നേരത്തോടെ എത്തിയ സഞ്ചാരികള്‍ക്കാണ് മൂന്നാറിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാതെ വന്നത്. കൊവിഡിന്‍റെ പിടിമുറുക്കത്തിൽ കഴിയുന്ന പമ്പ് ഉടമകൾക്ക് ഇന്ധനം മൊത്തമായി എടുക്കുന്നതിനുള്ള സാമ്പത്തികശേഷിയില്ലായിരുന്നു.
മാത്രമല്ല ഓണാവധി എത്തിയതോടെ കമ്പനി രണ്ടുദിവസം അവധിയിൽ പ്രവേശിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾക്ക് അയവുവരുത്തിയെങ്കിലും സന്ദർശകരുടെ തിരക്ക് കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ ഓണം മുന്നിൽ കണ്ട് സഞ്ചാരികളുടെ തിരക്ക് ക്രമാധീതമായി വർദ്ധിച്ചതോടെ മൂന്ന് പമ്പുകളിലും ഇന്ധനം ഇല്ലാതായി.
ഇത് ടൗണിൽ വാഹന കുരുക്കിനും ഇടയാക്കി. വൈകുന്നേരത്തോടെയാണ് പമ്പുകളിൽ ഇന്ധനം നിറച്ചുള്ള വാഹനങ്ങൾ എത്തിയത്. സമയം വൈകിയതോടെ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാതെ നിരാശയോടെയാണ് പലരും മടങ്ങിയത്.