പാലക്കാട്:
പാലക്കാട് –തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി കടുപ്പിച്ച് പൊലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെന്നപോലെ ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതേത്തുടർന്നാണ് നിയന്ത്രണം.
പ്രത്യേക പട്രോളിങ്ങും മോട്ടോർ സൈക്കിൾ ബീറ്റും ഏർപ്പെടുത്തിയതായി പീച്ചി പൊലീസ് അറിയിച്ചു. അനാവശ്യമായി ഇവിടെ വാഹനങ്ങൾ നിർത്തിയിടരുത്. തുരങ്ക കവാടത്തിന് സമീപവും തുരങ്കം അവസാനിക്കുന്ന ഭാഗത്തെ റോഡിന് മുകളിലും വാഹനങ്ങൾ നിർത്തിയിടരുത്.
തിരക്ക് വർധിച്ചാൽ ഹൈവേ പൊലീസ് ഇടപെടും. തുരങ്കത്തിന് പുറത്തേക്ക് വരുന്ന വാഹനങ്ങളുടെ രാത്രിദൃശ്യം പകർത്താൻ നൂറുകണക്കിന് ആളുകളെത്തുന്നത് പഴയ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ സജീവ ഇടപെടലിനെത്തുടർന്നാണ് തുരങ്ക നിർമാണം പൂർത്തിയാക്കിയത്.
900 മീറ്റർ ദൈർഘ്യമുളള തുരങ്കപാത ദക്ഷിണേന്ത്യയിലെ ആദ്യസംരംഭമാണ്. ഓണത്തിന് മൂന്ന് ദിവസവും വൈകിട്ട് വൻ തിരക്കായിരുന്നു. രാത്രി വൈദ്യുതാലങ്കാരം കാണാനും നിരവധി പേരെത്തുന്നു.
രാത്രി തുരങ്കത്തിലൂടെ സഞ്ചരിക്കാൻ എത്തുന്നത് ആയിരത്തിലേറെ വാഹനങ്ങളാണ്. ഓണാവധിയായ ഞായറാഴ്‌ച രാത്രിയും ഗതാഗത തടസ്സമുണ്ടായി. തൃശൂരിൽനിന്നുള്ള വിനോദ സഞ്ചാരികൾ പഴയ പാതയിലൂടെ യു ടേൺ കടന്ന് തുരങ്കത്തിലേക്ക് പ്രവേശിക്കും.
വാണിയമ്പാറ ഭാഗത്തുനിന്നും തുരങ്കത്തിലൂടെ സഞ്ചരിച്ച് വീണ്ടും ചുവന്നമണ്ണ് ഭാഗത്തുനിന്ന് യു ടേൺ കടക്കും. തുരങ്കം കാണാൻ തുടർച്ചയായി വാഹനങ്ങൾ യു ടേൺ കടക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. ഓണം അവധിയിൽ പതിനായിരത്തിലേറെ ആളുകളാണ് തുരങ്കം കാണാനെത്തിയത്. ജൂലൈ 31-നാണ് കുതിരാൻ തുരങ്കo ഗതാഗതത്തിന് തുറന്നുകൊടുത്തത്.