Mon. Dec 23rd, 2024
കാസർകോട്:

ദേശീയപാത വികസനത്തിനു ജില്ലയിൽ അലൈൻമെന്റ് മാറ്റം നിർദേശിച്ച പ്രദേശങ്ങളിൽ നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് പണം നൽകുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റിയുടെ നിർദേശം. എന്നാൽ ദേശീയപാതാ അതോറിറ്റിയുടെ ഭാഗത്തു നിന്ന് പുതിയ നിർദേശങ്ങളോ ശുപാർശകളോ ഇല്ലെന്നാണ് ലാൻഡ് റവന്യു കമ്മിഷണർ വിശദീകരിച്ചത്.ചെങ്കള, തെക്കിൽ,പെരിയ,പുല്ലൂർ,ചെറുവത്തൂർ, പിലിക്കോട് വില്ലേജുകളിലാണ് നേരത്തെ നിശ്ചയിച്ച അലൈൻമെന്റിൽ മാറ്റം നിർദേശിച്ചിട്ടുള്ളത്.

ഇവിടെ ചില ഭാഗം ഒഴിവാക്കി എതിർദിശയിൽ ആവശ്യമായ സ്ഥലം സർക്കാരിലേക്കു നിക്ഷിപ്തമാക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങിയിട്ടുണ്ടെന്നും സ്ഥലമെടുപ്പ് വിഭാഗം അധികൃതർ പറയുന്നു. ഈ വില്ലേജുകളിൽ റീ അലൈൻമെന്റ് ആവശ്യം ഉയർന്ന പ്രദേശങ്ങളിൽ നേരത്തെ തീരുമാനിച്ച അലൈൻമെന്റ് പ്രകാരം ഏറ്റെടുത്ത ഭൂമിയിൽ പണം കിട്ടാൻ ബാക്കിയുള്ളവരെയാണ് ദേശീയപാത വികസനം പ്രൊജക്ട് ഡയറക്ടറുടെ നിർദേശം വീണ്ടും കുരുക്കിലാക്കിയത്.

ചെങ്കള, തെക്കിൽ വില്ലേജുകളിലെ ഉടമകൾക്കു ഭാഗികമായും പെരിയ, പുല്ലൂർ, ചെറുവത്തൂർ,പിലിക്കോട് വില്ലേജുകളിലുള്ളവർക്കു ഏതാണ്ടും ഉടമകൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ഭൂമിയുടെ വില നൽകിയിട്ടുണ്ട്. ചെങ്കള വില്ലേജിൽ 160, 161, 163,167, തെക്കിൽ വില്ലേജിൽ 65,125,173,238,244, 245, 246, 257, 265,266 സർവേ നമ്പരുകളിലാണ് ഭൂരിഭാഗം ഉടമകൾക്കും പണം കിട്ടാനുളളത്. ഉടമകൾക്കു പണം കൊടുത്തത് സംബന്ധിച്ചു എന്തു ചെയ്യണമെന്നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ നിലപാട് അറിയിച്ചിട്ടുമില്ല.

ദേശീയപാത വികസനം സ്ഥലമെടുപ്പ് വിഭാഗം സ്പെഷൽ ഡപ്യൂട്ടി കലക്ടർക്കു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ നൽകിയ കത്തിലാണ് അലൈൻമെന്റിൽ ഉചിതമായ തീരുമാനമാകുന്നതു വരെ ഉടമകൾക്കു പണം നൽകരുതെന്ന് നിർദേശിച്ചിട്ടുള്ളത്. ചെങ്കള,തെക്കിൽ വില്ലേജുകളിലായി ഇരുപതോളം പേർക്കു 10 കോടിയോളം രൂപ ഇങ്ങനെ കൊടുക്കാനുണ്ടാകും.ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുക്കൽ നടപടികൾ 2010ൽ തുടങ്ങിയതു മുതൽ ജീവിതം ദുസ്സഹമായി തുടരുകയാണ്.

സെന്റിന് 66,000 രൂപ മാത്രമാണ് ലഭിച്ചത്. 2011ലാണ് സ്ഥലം ഏറ്റെടുക്കൽ ആദ്യ വിജ്ഞാപനം ഇറങ്ങിയത്. ഏതാനും വർഷങ്ങൾ കഴിഞ്ഞ് രണ്ടാമത് വിജ‍്ഞാപനം വന്നു. സ്ഥലം വിട്ടു നൽകി റോഡ് പണിക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി എന്നറി‍ഞ്ഞ ശേഷമാണ് ബാക്കിയുള്ള സ്ഥലത്ത് വീട് പണിയാൻ തീരുമാനിച്ചത്.

വീടിന്റെ പണി പൂർത്തിയാകാറായപ്പോളാണ് പുതിയ അലൈൻമെന്റ് വരുമെന്നും വീണ്ടും സ്ഥലം വിട്ടു കൊടുക്കേണ്ടി വരുമെന്നും അറി‍ഞ്ഞത്.നേരത്തെ ഏറ്റെടുത്ത സ്ഥലത്തിന്റെ പണം കിട്ടിയിട്ടുമില്ല.