Sun. Dec 22nd, 2024

കൊച്ചി ∙

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ എറണാകുളം ജില്ലയിലെ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടി. കൊവിഡ് ജാഗ്രത പോർട്ടലിൽ ഐസിയു, വെന്റിലേറ്റർ ഒഴിവുള്ളതായി കാണിക്കുന്നുണ്ടെങ്കിലും പല ആശുപത്രികളിലും ഐസിയു കിടക്കകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്.

എറണാകുളം ജനറൽ ആശുപത്രിയിലെ കൊവിഡ് ചികിത്സ‌ാ കേന്ദ്രത്തിലുൾപ്പെടെ മുഴുവൻ ഐസിയു കിടക്കകളിലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 279 പേരാണ് നിലവിൽ ജില്ലയിൽ ഐസിയു ചികിത്സയിലുള്ളത്. ഓഗസ്റ്റ് 31 ആകുമ്പോഴേക്കും ഇത് 512 വരെയായി ഉയരാമെന്നാണു കണക്കാക്കിയിട്ടുള്ളത്.

കൊവി‍ഡ് 19 ജാഗ്രത പോർട്ടലിൽ ലഭ്യമായ വിവര പ്രകാരം ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കു ലഭ്യമായ ഐസിയുകളിൽ 44.9% ഇപ്പോൾ ഒഴിവുണ്ട്. മൊത്തം 497 ഐസിയു ലഭ്യമായതിൽ 223 ഐസിയു ഒഴിവുണ്ടെന്നു പോർട്ടൽ പറയുന്നു. 244 വെന്റിലേറ്ററുകളിൽ 92 എണ്ണം ഒഴിവുണ്ട് (37.7%). 1525 ഓക്സിജൻ കിടക്കകളിൽ 1036 എണ്ണം ഒഴിവുണ്ട് (67.9%).

എന്നാൽ, പോർട്ടലിൽ ഐസിയു ഒഴിവുള്ളതായി കാണിച്ച പല സ്വകാര്യ ആശുപത്രികളിലും നേരിട്ട് അന്വേഷിച്ചപ്പോൾ ഐസിയു ഒഴിവില്ലെന്നായിരുന്നു പ്രതികരണം. 30 ഐസിയു കിടക്കകളുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ 14 കിടക്കകൾ ഒഴിവുണ്ടെന്നു പോർട്ടലിൽ കാണിക്കുന്നുണ്ടെങ്കിലും ഇന്നലെ എല്ലാ ഐസിയു കിടക്കകളിലും പോസിറ്റീവായവർ ഉണ്ടായിരുന്നു.

ജില്ലയിൽ കൊവിഡ് രോഗ തീവ്രതയുള്ളവരെ ചികിത്സിക്കാൻ വിവിധ ആശുപത്രികളിൽ 617 കിടക്കകൾ ലഭ്യമാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് ചികിത്സ നൽകുന്ന 10 സർക്കാർ ആശുപത്രികളിലായി 1113 കിടക്കകളുണ്ടെന്നും 496 പേരാണു നിലവിൽ ചികിത്സയിലുള്ളതെന്നും അധികൃതർ പറഞ്ഞു.