Wed. Nov 6th, 2024
കട്ടപ്പന:

ഇരുപതേക്കർ സ്നേഹാശ്രമത്തിലെ 135 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയ രണ്ട്‌ പേർക്കാണ് ആദ്യം രോഗം കണ്ടത്. പിന്നീട് രോഗലക്ഷണമുള്ളവരെ പരിശോധിച്ചപ്പോൾ 135 പേർക്ക്‌ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

രോഗലക്ഷണമുള്ളവരെയും മറ്റ് അസുഖമുള്ളവരെയും ഇടുക്കി മെഡിക്കൽ കോളേജ്, ഇടുക്കിയിലെയും കട്ടപ്പനയിലെയും രണ്ടാംതല കോവിഡ് ചികിത്സാകേന്ദ്രം, കട്ടപ്പന ഗവ കോളേജിലെ ഗൃഹവാസ പരിചരണകേന്ദ്രം എന്നിവിടങ്ങളിലേക്ക്‌ മാറ്റി. മറ്റുള്ളവരെ സ്നേഹാശ്രമത്തിൽതന്നെ പാർപ്പിച്ചിരിക്കുകയാണ്. എല്ലാ ദിവസവും കട്ടപ്പന താലൂക്ക് ആശുപത്രിയിൽനിന്ന്‌ മെഡിക്കൽ ടീം ഇവരെ പരിശോധിക്കുന്നുണ്ട്.

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകരെ നിരോധിച്ചതായി നഗരസഭ ചെയർപേഴ്സൺ ബീന ജോബി അറിയിച്ചു. അടിയന്തര സാഹചര്യം വിലയിരുത്താൻ നഗരസഭാ ഹാളിൽ വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് യോഗവും കൂടിയിരുന്നു. കോവിഡ് രോഗം തരണം ചെയ്യുന്നതുവരെ സ്ഥാപനത്തിലേക്ക് ആഹാരവും വസ്ത്രവും മറ്റ് ചികിത്സാസൗകര്യവും എത്തിച്ചുകൊടുക്കുന്നത് നഗരസഭയിൽനിന്നായിരിക്കും. ഇത്തരത്തിൽ സഹായങ്ങൾ ചെയ്യാൻ താൽപ്പര്യമുള്ളവർ 9074924355, 9744632366 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും നഗരസഭ അധികൃതർ അറിയിച്ചു.