വടക്കഞ്ചേരി ∙
ഓണാവധിയിൽ കുതിരാൻ തുരങ്കം കാണാൻ സഞ്ചാരികൾ ഏറെ എത്തിയത് ഗതാഗത സ്തംഭനമുണ്ടാക്കി. ഇന്നലെ കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോയത് 15,000 വാഹനങ്ങൾ. പലരും കുതിരാൻ മേൽപാലത്തിലും കൊമ്പഴയിലും വാഹനങ്ങൾ ഒതുക്കിയിട്ട് കാഴ്ചകാണാൻ എത്തിയതോടെ ഇന്നലെ തിരക്ക് വർധിച്ചു.
ജൂലൈ 31ന് തുരങ്കം തുറന്നശേഷം ആദ്യമായി തുരങ്കത്തിനു മുൻപിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പീച്ചി പൊലീസും ഹൈവേ പൊലീസുമെത്തി വാഹനങ്ങൾ നിയന്ത്രിച്ചു. പടിഞ്ഞാറേ തുരങ്കമുഖത്തെ വെള്ളച്ചാട്ടം കാണാനും സഞ്ചാരികൾ വാഹനം നിർത്തുന്നത് പൊലീസിന് തലവേദനയായി.
പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ തുരങ്കത്തിനുള്ളിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിന് സംവിധാനം ഏർപ്പെടുത്തിയതായും പലരും കാഴ്ച കാണാൻ നിർത്തുന്നത് അനുവദിക്കില്ലെന്നും ഓവർടേക്കിങ് പാടില്ലെന്നും പൊലീസ് അറിയിച്ചു.
തുരങ്കത്തിനുള്ളിലെ നിരീക്ഷണ ക്യാമറകൾ പൊലീസ് കൺട്രോൾ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സമയാസമയങ്ങളിൽ പൊലീസ് നിർദേശങ്ങൾ നൽകി തുരങ്കത്തിനുള്ളിലെ തിരക്ക് നിയന്ത്രിക്കുന്നുണ്ട്.