Sat. May 4th, 2024
തിരൂർ:

കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറി. മൂന്നരക്കോടി ചെലവാക്കിയാണ് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇവിടെ കാടു മൂടിയും ഉപകരണങ്ങൾ തുരുമ്പെടുത്തും നശിക്കുന്നതിനൊപ്പമാണു മാലിന്യം തള്ളലും നടക്കുന്നത്.

പാർക്കിനോടു ചേർന്ന് ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിലേക്കു പോകുന്ന ഭാഗത്താണു വൻ തോതിൽ മാലിന്യം തള്ളിയിട്ടുള്ളത്.പാർക്കിൽ ആളുകൾ വിശ്രമിക്കാൻ എത്തുന്ന ഭാഗമാണിത്. ഇവിടെ നിന്നുണ്ടാകുന്ന ദുർഗന്ധം പരിസരം മുഴുവൻ വ്യാപിച്ചിട്ടുണ്ട്.

പാർക്കിന്റെ സംരക്ഷണത്തിനായി ഡിടിപിസി 2 കാവൽക്കാരെയും ശുചീകരണ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്. ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്നു പരാതിയുണ്ട്. ഇവർ ഇവിടെയുള്ള നിർമാണ പ്രവൃത്തികളും സ്റ്റീൽ വേലികളും തകർക്കുന്നത് പതിവാണ്. ചമ്രവട്ടം പാലത്തിനടിയിലും മദ്യപാനവും ലഹരിക്കച്ചവടവും പെരുകിയിട്ടും നടപടികളൊന്നുമില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.