Mon. Dec 23rd, 2024

മരട്:

ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ട്​ പേർ പിടിയിൽ. പനങ്ങാട് ഭജന അമ്പലത്തിന് സമീപം പുത്തന്‍ തറയില്‍ അഖില്‍ (23), പനങ്ങാട് സെന്‍റ്​ ആന്‍റണീസ് ചര്‍ച്ചിന് സമീപം ഫ്‌ളാറ്റില്‍ വാടകക്ക് താമസിക്കുന്ന ചിറ്റാനപ്പറമ്പില്‍ അമല്‍ (22) എന്നിവരെ പനങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാത്രി ഒരു മണിയോടെ നെട്ടൂരില്‍ ടോയ് പാര്‍ക്കിന് സമീപം ദേശീയ പാതയില്‍ വാഹനത്തില്‍ ഉറങ്ങുകയായിരുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി സേതുവിനു നേരെയാണ് ആക്രമണം നടന്നത്. തമിഴ്‌നാട്ടില്‍ നിന്നും നെട്ടൂരിലെ സിക്കാജെന്‍ പൈപ്പ് കടയില്‍ ലോഡുമായെത്തിയതായിരുന്നു സേതു.

രാത്രി വാഹനത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമികളിലൊരാള്‍ സേതുവിനെ തട്ടിവിളിക്കുകയും മൊബല്‍ ഫോണും പണവും ആവശ്യപ്പെടുകയുമായിരുന്നു. നല്‍കാത്തതിനെതുടര്‍ന്ന് സേതുവിനെ ആക്രമിച്ച് 1000 രൂപയുമായി കടന്നു കളഞ്ഞു.

എന്നാല്‍, ഇതേ സംഘം നാല് മണിയോടെ വീണ്ടും തിരിച്ചെത്തുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സേതുവിനെ തല്ലുകയും ലോറിയുടെ മുമ്പിലെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളിലൊരാളെ ലോറി ഡ്രൈവര്‍ പിടിച്ചു വെക്കുകയും അതുവഴി കടന്നുപോയ യാത്രക്കാരും നാട്ടുകാരും ചേർന്ന്​ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

സ്​ഥലത്തെത്തിയ പൊലീസ്​ പ്രതിയെ കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട കൂട്ടുപ്രതിയെ പൊലീസ് പനങ്ങാടുള്ള വീട്ടില്‍ നിന്നാണ് പിടികൂടിയത്.