കരിമണ്ണൂർ:
പതഞ്ഞാർത്ത് ജലസമ്പന്നമായ തൊമ്മൻകുത്തിലും ആനയാടികുത്തിലും ഓണത്തിൻ്റെ ആർപ്പുവിളികളുമായി സഞ്ചാരികളുടെ പ്രവാഹം. കോവിഡിൽ അടച്ചിടേണ്ടിവന്ന തൊമ്മൻകുത്ത് ടൂറിസ്‌റ്റ് കേന്ദ്രത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് പ്രവേശനം അനുവദിച്ചതോടെയാണ് ഓണവധി ആവേശതിമിർപ്പിലായത്. വെള്ളച്ചാട്ടത്തിലെ കുളിരും നീരാവിയും തട്ടി പുഴയിൽ നീരാടി മഹാമാരിയെ മറക്കുകയാണിവിടെ.
നിയന്ത്രണങ്ങൾ ഇല്ലെങ്കിലും അടഞ്ഞുകിടന്ന ആനയാടികുത്തിലേക്കും നിരവധിപേരാണ് എത്തുന്നത്. തൊമ്മൻകുത്തിന് സമീപം ഏഴുനില കുത്തായി വെള്ളം മാരിവില്ലഴകായി വീഴുന്നത് അപൂർവ അനുഭൂതിയാണ്. കരിമണ്ണൂർ പഞ്ചായത്തിന്റെ കിഴക്ക്‌ഭാഗത്ത് വാഴത്തോപ്പുമായി അതിർത്തി പങ്കിടുന്ന റിസർവ് വനത്തിലാണ് ഏഴുനിലക്കുത്ത് വെള്ളച്ചാട്ടവും സ്ഥിതിചെയ്യുന്നത്.
അൽപം സൂക്ഷിക്കേണ്ട വെള്ളച്ചാട്ടത്തിന്റെ കാനനഭംഗിക്കിടെയുള്ള യാത്ര അൽപം സൂക്ഷിക്കണം. 22 ഓളം പേർക്ക് ഇതിനകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാര ഭൂപടത്തിൽ ഗണ്യമായ സ്ഥാനമുള്ള തൊമ്മൻകുത്തിൽ സഞ്ചാരികളെ നിയന്ത്രിക്കാൻ വനപാലകരുടെ നേതൃത്വത്തിൽ വനസംരക്ഷൺ സമിതി പ്രവർത്തിക്കുന്നുണ്ട്.
തൊമ്മൻകുത്തിലേക്ക് പോകുന്ന വഴിയുടെ സമീപം വണ്ണപ്പുറം പഞ്ചായത്തിലാണ് ആനയാടിക്കുത്ത് വെള്ളച്ചാട്ടം. നിയന്ത്രണങ്ങളില്ലാത്ത ഇവിടെ മഴവില്ലുവിരിയുന്ന മനോഹര വെള്ളച്ചാട്ടം കാണാനും പുഴയിൽ കുളിക്കാനുമെത്തുന്നവർ നിരവധിയാണ്. ഓണാവധി ആസ്വദിക്കാനായി ഇവിടം തെരഞ്ഞെടുത്ത നൂറുകണക്കിനാളുകളാണ് ഞായറാഴ്‌ച എത്തിയത്.
സഞ്ചാരികളെത്തിയ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തൊമ്മൻകുത്ത് ടൂറിസ്‌റ്റ് കേന്ദ്രം വീണ്ടും സജീവമായതോടെ ചെറുകച്ചവടക്കാരും സന്തോഷത്തിലാണ്.