Sat. Jan 18th, 2025
നെയ്യാറ്റിൻകര:

പഴയ ചങ്ങാതിയും മുൻ മന്ത്രിയുമായ എ നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. നെല്ലിമൂട് കഴിവൂർ ശ്രീപുരത്തെ നീലൻ്റെ വസതിയിൽ ഏതാണ്ട് ഒന്നര മണിക്കൂർ ചെലവിട്ട ഗവർണർ, ഒരുമിച്ചിരുന്ന് ഓണസദ്യയും കഴിച്ച ശേഷമാണു മടങ്ങിയത്. നാലു ദശാബ്ദങ്ങൾക്കു മുൻപ് ഒരേ പാർട്ടിയുടെ എംപിമാരായിരുന്നു ആരിഫ് മുഹമ്മദ് ഖാനും നീലലോഹിത ദാസും.

നല്ല ചങ്ങാതിമാരായിരുന്ന ഇവർ പിന്നീട് വിരുദ്ധ ചേരികളിൽ ചേക്കേറിയെങ്കിലും സൗഹൃദം ഉപേക്ഷിച്ചില്ല. നർമ സല്ലാപത്തിൽ ഏർപ്പെട്ട ഇരുവരും പഴയകാര്യങ്ങളും അയവിറക്കി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ഗവർണർ എത്തിയത്.

നീലലോഹിത ദാസിന്റെ ഭാര്യയും മുൻ എംഎൽഎയുമായ ജമീല പ്രകാശവും മകൾ ദീപ്തി കുടുംബാംഗങ്ങളായ ഡോ സുമേഷ്, ഭദ്ര, ചിത്രൻ തുടങ്ങിയവരും ജനതാദൾ എസ് ജില്ലാ സെക്രട്ടറി വി സുധാകരനും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. പൂക്കളവും നിലവിളക്കും നിറപറയും മുറ്റത്ത് ഒരുക്കിയിരുന്നു. ഓണ നാളിൽ വീട്ടിലെത്തിയ പ്രത്യേക അതിഥിക്ക് ഓണക്കോടിയും നൽകിയാണ് യാത്രയാക്കിയത്.

TAGS: