Sat. Jan 18th, 2025
കോഴിക്കോട്:

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ജില്ലയിലെ ആശുപത്രിയിലെ കിടക്കകൾ നിറയുന്നു. അടിയന്തര ഘട്ടത്തിൽ പോലും ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നതിനു പ്രയാസമുണ്ട്. ചില ആശുപത്രികളിൽ റഫറൽ ലെറ്ററുള്ളവരെ മാത്രം പ്രവേശിപ്പിക്കുമ്പോൾ മറ്റ് ആശുപത്രികളിൽ അതു പോലും ലഭിക്കുന്നില്ല.

അടുത്ത രോഗി ഡിസ്ചാർജ് ആകുന്നതു വരെ കാത്തിരിക്കാനാണ് നിർദേശം. വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ ബെഡ് എന്നിവയിലെല്ലാം രോഗികൾ നിറഞ്ഞു കഴിഞ്ഞു.പല ആശുപത്രികളിലും സാധാരണ വാർഡ് പോലും ലഭ്യമല്ല.

ചിലയിടങ്ങളിൽ താൽക്കാലിക സൗകര്യങ്ങൾ ഉണ്ടാക്കിയാണു രോഗികളെ പ്രവേശിപ്പിക്കുന്നത്. ലിഫ്റ്റ് സൗകര്യം പോലും ഇല്ലാത്തതിനാൽ കൊവിഡ് രോഗികൾ നടന്നു കയറേണ്ട അവസ്ഥയാണ്. കൊവി‍ഡ് ജാഗ്രത പോർട്ടലിലെ കണക്കുകളിൽ ആശുപത്രികളിൽ ഇപ്പോഴും ബെഡുകൾ ഒഴിവു കാണിക്കുന്നുണ്ട്.

എന്നാൽ ഇതേ ആശുപത്രികളിൽ വിളിച്ചു ചോദിച്ചാൽ ബെഡ് ഒഴിവില്ലെന്നാണു രോഗികൾക്കും ബന്ധുക്കൾക്കും മറുപടി ലഭിക്കുന്നത്.
ചില ആശുപത്രികളിൽ രോഗിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു ഡോക്ടർമാർ വിലയിരുത്തിയ ശേഷം മാത്രമാണു പ്രവേശനം. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു തുടങ്ങിയത്.

പ്രമുഖ ആശുപത്രികളിൽ ദിവസവും നൂറു കണക്കിനു പേർ ചികിത്സയ്ക്കായി ബെഡിനു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്.കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും മരണങ്ങൾ കാര്യമായി ഇല്ലാത്തതും രോഗമുക്തി കൂടുന്നതും ആശ്വാസകരമാണെന്ന് ഡോക്ടർമാർ പറയുന്നു. ഒരു ശതമാനത്തിൽ താഴെയാണ് മരണ നിരക്ക് ഇപ്പോഴുള്ളത്.

നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ജില്ലയിൽ ഒരു ലക്ഷം വരെ രോഗികളുണ്ടായേക്കാമെന്നു ആരോഗ്യവകുപ്പ് കലക്ടർക്കു റിപ്പോർട്ട് നൽകി. ഇതനുസരിച്ചു ജില്ലയിലെ ആശുപത്രികളിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.ജില്ലയുടെ വിവിധ മേഖലകളിൽ കൂടുതൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള പഠനങ്ങളും ഉടൻ ആരംഭിക്കും.