Fri. Nov 22nd, 2024
തിരുവനന്തപുരം:

കോവിഡ് ഉയർത്തുന്ന ആശങ്കകൾക്കിടയിലും കഴിയാവുന്ന വിധം തിരുവോണം ആഘോഷമാക്കാൻ ഇന്ന് ഉത്രാട പാച്ചിൽ ദിനം. നിയന്ത്രണങ്ങൾക്കുള്ളിൽ വീട്ടിലൊതുങ്ങിയുള്ള ഓണത്തിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും. സദ്യക്കും പൂക്കളത്തിനുമടക്കം ഓണത്തിനു വേണ്ടതെല്ലാം വാങ്ങാനായി ജനത്തിനു മുന്നിലുള്ള അവസാദ ദിനം.

ഒരു വർഷത്തിൽ വിപണികളിലെല്ലാം ഏറ്റവും തിരക്കേറുന്നതും ഇന്നാണ്. പച്ചക്കറി, പഴം, പൂ, പാൽ വിപണികളാണ് ഇന്ന് ഏറ്റവും സജീവമാവുക. ആവശ്യക്കാരേറിയതോടെ പാൽ ഒഴികെ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇവയ്ക്കെല്ലാം വില ഉയരുകയും ചെയ്തു.

ലോക്ഡൗണിൽ വൻ പ്രതിസന്ധിയിലായ വിപണിക്ക് അതിജീവന നാളുകളാണ് ഓണക്കാലം. മഴ മാറി നിന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ വ്യാപാര ശാലകളിലും കാര്യമായ വിൽപന നടന്നു. അത് ഇന്ന് ഉച്ഛസ്ഥായിയിലാകും.

തിരക്ക് നിയന്ത്രിച്ചു മാത്രം പ്രവേശനം അനുവദിക്കുന്നതിനാൽ കോവിഡ് കാലത്തിനു മുൻപത്തെ പോലെ തിരക്കും കച്ചവടവും ഇല്ലെങ്കിലും വിപണിക്ക് ഇതു തന്നെ ആശ്വാസമാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി, പഴം, പൂ ലോഡുകളുമായി ഏറ്റവും അധികം ലോറികൾ കേരളത്തിലേക്കെത്തിയതും കഴിഞ്ഞ ദിവസങ്ങളായാണ്.

നാട്ടിലെ വിളവെടുപ്പിൽ നിന്നുള്ള നാടൻ ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണെങ്കിലും ലഭ്യത ഏറെയില്ല. നാട്ടിൻ പ്രദേശങ്ങളിലെല്ലാം ഓണത്തിനായി മാത്രം പച്ചക്കറി–പഴം വിപണി തുറന്നിട്ടുണ്ട്. അവിടങ്ങളിലുംകച്ചവടം പൊടിപൊടിക്കുന്ന അവസാന ദിവസമാണിന്ന്.

മുൻപത്തെ പോലെ വഴിയോര വാണിഭം സജീവമല്ല. ലൈസൻസുളളവർക്കു മാത്രമാണ് വഴിയോര കച്ചവടത്തിന് അനുമതി. പൊലീസ് നിരീക്ഷണം ശക്തമായതിനാൽ കോവിഡ് മാനദണ്ഡങ്ങൾ കഴിയാവുന്ന വിധം പാലിക്കാൻ വ്യാപാര സ്ഥാപനങ്ങളും ശ്രദ്ധിക്കുന്നുണ്ട്.

കാറ്ററിങ്–ഹോട്ടൽ വിപണിയിൽ ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. ബുക്കിങ് അനുസരിച്ച് സദ്യ, പായസ വിതരണം നാളെ രാവിലെ മുതൽ തന്നെ ആരംഭിക്കേണ്ടതിനാൽ ഇന്ന് രാവിലെ മുതൽ അടുക്കളകളിലെ ഒരുക്കങ്ങൾ സജീവമാകും. നഗരത്തിലാണ് സദ്യ–പായസ ബുക്കിങ് ഏറെ. ക്ഷേത്രങ്ങളിലും ഇന്നും നാളെയും ഏറെ ഭക്തരെത്തുമെന്നതിനാൽ തിരക്ക് നിയന്ത്രിച്ച് പ്രവേശനം അനുവദിക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതർ.