Fri. Apr 26th, 2024
വണ്ടൻമേട്:

കാലങ്ങളായി സഞ്ചാരയോഗ്യമല്ലാതിരുന്ന അണക്കര കുത്തുകൽത്തേരി–- ആനവിലാസം റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. വാഴൂർ സോമൻ എംഎൽഎ നിർമാണം ഉദ്‌ഘാടനംചെയ്‌തു. അണക്കരയിൽനിന്ന്‌ ആനവിലാസത്തേക്ക് എത്തുന്ന ഏറ്റവും പഴക്കമേറിയ റോഡുകളിൽ ഒന്നാണിത്.

1.40 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്‌. റോഡ് സാക്ഷാൽക്കരിക്കുന്നതോടെ ആനവിലാസം, മാധവൻകാനം, കുത്തുകൽത്തേരി നിവാസികളുടെ യാത്രാദുരിതം പരിഹരിക്കപ്പെടും. ഉദ്ഘാടനച്ചടങ്ങിൽ ചക്കുപള്ളം പഞ്ചായത്തംഗം സുരേന്ദ്രൻ മാധവൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ രാരിച്ചൻ നീറണാംകുന്നേൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം കുസുമം സതീഷ്, പഞ്ചായത്തംഗങ്ങളായ മറിയാമ്മ ചെറിയാൻ, ബിന്ദു ജയകുമാർ എന്നിവർ പങ്കെടുത്തു.