Mon. Dec 23rd, 2024

തൃശൂർ  ∙

ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിൽ നടക്കേണ്ട ദിവസമാണിന്ന്. ഉപഭോക്താക്കളുടെ വലിയ തിരക്കുണ്ടാവില്ലെങ്കിലും മോശമല്ലാത്ത വ്യാപാരമാണ് ഇന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. പച്ചക്കറിക്കടകളിലും പലവ്യഞ്ജന കടകളിലും ഇന്നലെ തന്നെ തിരക്കുണ്ടായിരുന്നു.

ഗൃഹോപകരണ സ്ഥാപനങ്ങളിലും തിരക്ക് ഉണ്ടായി. തുണിക്കടകളിൽ ഓണത്തിന് ഇന്നു കൂടി ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്. മാസ്ക്കും സാനിറ്റൈസറും കൈവിടരുതേ എന്നാണ് വ്യാപാരികൾക്ക് ഉപഭോക്താക്കളോടു പറയാനുള്ളത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി പൊലീസ് വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. സിറ്റി പൊലീസും വ്യാപാരികളും ചേർന്നാണ് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രധാന നഗരങ്ങളിൽ പൂക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിൽ  ചെറിയ തോതിൽ പൂക്കളമിടുന്നതിലാണു പ്രതീക്ഷ. എന്നാൽ, സർക്കാർ ഓഫിസുകളിലെയെല്ലാം ഓണാഘോഷം നേരത്തേ കഴിഞ്ഞു.മഴ വിട്ടു നിൽക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ.

സാധാരണ ഓണത്തെ അപേക്ഷിച്ച് വിൽപന കുറവാണെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ വിൽപന വർധിച്ചു എന്ന് വ്യാപാരികൾ പറയുന്നു.