പാലക്കാട്:
കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ഹോണററി സെക്രട്ടറിയെ സസ്പെന്റ് ചെയ്തു.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ് ക്രമക്കേട് നടന്നത്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. സ്ഥാപനത്തിലെ പ്യൂണായ മണികണ്ഠൻ കെപി സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാട്ടി തട്ടിയെടുക്കുകയായിരുന്നു.
സംഘത്തിന്റെ പണം മണികണ്ഠൻ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി. സംഘത്തിൽ നിന്നും വായ്പ എടുത്ത 24 പേരെ കുറിച്ച് യാതൊരു വിശദാംശങ്ങളും പരിശോധനയിൽ ഹാജരാക്കാനായില്ല. ഇവരുടെ ഒപ്പു പോലും സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി.
ഭരണ സമിതി അംഗങ്ങളുടെ അറിവോടെയാണ് സാമ്പത്തിക തട്ടിപ്പ് നടന്നതെന്ന് ആരോപിച്ച് കോൺഗ്രസ് സൊസൈറ്റിയിലേക്ക് മാർച്ച് നടത്തി. മറ്റ് ഈടുകളില്ലാതെ വ്യക്തിഗത ജാമ്യത്തിൽ ബിസിനസ് വായ്പകൾ നൽകിയത് ഗുരുതര വീഴ്ച്ചയാണെന്നും പരിശോധ റിപ്പോർട്ടിൽ പറയുന്നു. ഭരണ സമതിയുടെ വീഴ്ച്ചകളും റിപ്പോർട്ടിൽ ചുണ്ടികാട്ടുന്നു.
വായ്പക്കാരിൽ നിന്നും റിസ്ക്ക് ഫണ്ട് ഈടക്കുകയോ, അഗത്വം എടുക്കുകയോ ചെയ്തിട്ടില്ല. വായ്പക്കാർ മരിച്ചാൽ ഉണ്ടാക്കുന്ന എല്ലാ നഷ്ടങ്ങൾക്കും ഭരണ സമിതി ഉത്തരവാദിത്വം വഹിക്കണം. എന്നാൽ ഭരണ സമിതി അറിഞ്ഞ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെ പ്രതിപക്ഷ കക്ഷികൾ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു.