തിരുവനന്തപുരം:
ഇടുക്കിയിലെ ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കുമിളി പുളിയന്മല സെക്ഷനിലെ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന് വി ചെറിയാന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ രാജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പണപ്പിരിവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് മന്ത്രി എ കെ ശശീന്ദ്രന് നിര്‍ദേശം നല്കി.
തുടരന്വേഷണത്തിന് പൊലീസിൻെറ സഹായം ആവശ്യമെങ്കില്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പണപ്പിരിവുമായി ബന്ധപ്പെട്ട് ഹൈറേഞ്ച് മേഖല സി സി എഫ് നടത്തിയ പ്രാഥമികാന്വേഷണത്തെതുടര്ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഓണാഘോഷത്തിൻെറ പേരില്‍ ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏലം കര്‍ഷകരില്‍നിന്ന് ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
വീടുകളിലെത്തി പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ കുത്തകപ്പാട്ടം റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിട്ടും പലരും കടംവാങ്ങിയും മറ്റും ഉദ്യോഗസ്ഥര്‍ക്ക് പണം നല്കിയിരുന്നുവത്രെ.