വടക്കേക്കാട്:
സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. താഴെ നിലയിലെ ടൂവീലർ വർക്ക് ഷോപ്പും ക്ലീനിങ് കെമിക്കൽസ് കടയും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് പിന്നിലെ ഹോളോബ്രിക്സ് കമ്പനി ജീവനക്കാർ കണ്ടത്.
ഇവർ അറിയിച്ചതോടെ കടകളിലുള്ളവരും മുകൾനിലയിലെ യൂനിയൻ ബാങ്ക് ജീവനക്കാരും ഇടപാടുകാരും പുറത്തേക്കോടി രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയവർക്ക് പൊട്ടിത്തെറി ഭയന്ന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഗുരുവായൂരിൽ നിന്നും കുന്നംകുളത്തുനിന്നും അഗ്നിശമന സേന എത്തിയാണ് അണച്ചത്.
നാലാംകല്ല് വിഎസ് സത്യന്റെ വോൾട്ട് 69 എന്ന പേരിലുള്ള സ്ഥാപനത്തിൽ അകത്തും പുറത്തുമായി വെച്ചിരുന്ന എട്ട് ബൈക്കുകളും സ്പെയർ പാർട്സും ചമ്മനൂര് പ്രദീപിന്റെ പ്രെമിക കെമിക്കൽസിലെ വസ്തുക്കളും മുഴുവൻ ചാരമായി. ബാങ്കിലെ ശീതീകരണികൾക്ക് ഭാഗികമായി കേടു പറ്റി. തീപ്പൊരിയാണ് അപകടകാരണമെന്നും 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
ഫയർ ലീഡിങ് ഓഫിസർ വൈശാഖ്, അസി. സ്റ്റേഷൻ ഓഫിസർ രാജ സുബ്രഹ്മണ്യൻ, അബ്ബാസ്, പ്രകാശൻ, സനിൽ, സുമേഷ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എസ്.ഐ രാജീവിന്റെ നേതൃത്വത്തിൽ വടക്കേക്കാട് പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.