Wed. Dec 18th, 2024
മുട്ടുചിറ:

മഴയൊന്നു പെയ്താൽ നിറയെ വെള്ളക്കെട്ട്. മുട്ടുചിറ– കാപ്പുന്തല റോഡിന്റെ തുടക്കമായ കുരിശുപള്ളി ജംക്‌ഷൻ മുതൽ വില്ലേജ് ഓഫിസ് പടി വരെയാണ് രൂക്ഷമായ വെള്ളക്കെട്ട് . കുന്നശേരിക്കാവ് റോഡിൽ നിന്നും മുട്ടുചിറ ആശുപത്രി റോഡിൽ നിന്നും വലിയ രീതിയിലാണ് റോഡിലേക്ക് വെള്ളം ഒഴുകി എത്തുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപമുള്ള ഓട്ടോ സ്റ്റാൻഡിലേക്കും റോഡിൽ നിന്നും ചെളി വെള്ളം അടിച്ചു കയറുകയാണ്.

വാഹനയാത്രക്കാരും കാൽനട യാത്രക്കാരും വ്യാപാരികളും വലയുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്ക് എതിരെ പ്രതിഷേധം അനുദിനം ശക്തമാകുന്നു. ചെറിയ മഴയിൽ പോലും ഇവിടെ മുട്ടറ്റം വെള്ളം നിറയുകയാണ്. റോഡരികിലെ ഓടയുടെ സ്ലാബ് നീക്കി മണ്ണ് നീക്കം ചെയ്താൽ റോഡിലെ വെള്ളം ഓടയിലൂടെ ഒഴുകി ഞായപ്പള്ളി തോട്ടിലെത്തും. ജനപ്രതിനിധികളും പള്ളി ഭാരവാഹികളും വ്യാപാരികളും പല തവണ അധികൃതരെ വെള്ളക്കെട്ട് പ്രശ്നം അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കുരിശു പള്ളിയുടെ മുൻ വശത്തെ ഓടയുടെ സ്ലാബ് നീക്കി മണ്ണ് നീക്കി നൽകിയാൽ വെള്ളക്കെട്ടിന് പരിഹാരമാകും . ഓടയിൽ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുകയാണ്. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കടുത്തുരുത്തിയിലെ ഓഫിസിന് മുൻപിൽ‌ സമരം നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.