Mon. Dec 23rd, 2024
തൊടുപുഴ:

ഒരു ഫോൺ കോളിൽ വീട്ടുപടിക്കൽ അവശ്യ വസ്തുക്കൾ എത്തിച്ചുനൽകാൻ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് സംരംഭം. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പുമായി കുടുംബശ്രീ അംഗങ്ങൾ രംഗത്തെത്തിയത്. ആലക്കോട് സിഡിഎസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 13 വാർഡുകളിലെ എഡിഎസുകളെയും കോർത്തിണക്കി കുടുംബശ്രീ വനിതാ സൂക്ഷ്മ മേഖലാ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങിയത്.

ഇതിനായി ഓരോ വാർഡ് തല എഡിഎസുകളിലും 3 മുതൽ 7 വരെ അംഗങ്ങളാണ് പ്രവർത്തിക്കുക. വിളിക്കേണ്ട മൊബൈൽ നമ്പറുകൾ നൽകിയിട്ടുണ്ട്. ഓർഡർ നൽകിയാൽ ഏതാനും സമയത്തിനകം ഇരുചക്രവാഹനങ്ങളിൽ സാധനങ്ങളുമായി കുടുംബശ്രീ അംഗങ്ങൾ വീട്ടിലെത്തും.

ബില്ലിന് പുറമേ 10 രൂപ സർവീസ് ചാർജ് നൽകിയാൽ മതി. കുടുംബശ്രീ ഉൽപന്നങ്ങൾക്കു പുറമേ പൊതു വിപണിയിൽനിന്ന് ഓർഡർ അനുസരിച്ചുള്ള സാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകും. കുടുംബശ്രീ വനിതാ അംഗങ്ങൾ തയാറാക്കിയ ഉൽപന്നങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് വിറ്റഴിക്കാനാവാതെ വന്നിരുന്നു. കാർഷിക ഉൽപന്നങ്ങളിൽ പലതും ആവശ്യക്കാരില്ലാതെ വന്നതോടെ തുച്ഛമായ വിലക്ക് വിറ്റഴിക്കുകയോ നശിച്ച് പോകുകയോ ചെയ്തിരുന്നു.

ഇതേ തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ അംഗങ്ങളെയും വനിതാ സംരഭകരെയും സഹായിക്കുന്നതിനും കൂടുതൽ ആളുകളെ കുടുംബശ്രീയിലേക്ക് ആകർഷിക്കുന്നതിനുമാണ് ഹോം ഡെലിവറി സംരംഭം തുടങ്ങിയതെന്ന് സംഘാടകർ പറഞ്ഞു. ആലക്കോട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.