Mon. Dec 23rd, 2024
പിണറായി:

മാലിന്യമുക്ത കേരളത്തിന് മാതൃകയായി മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം മണ്ഡലം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉപയോഗിച്ച ബാനറും ഹോർഡിങ്ങുകളും ഇന്ത്യയിൽ ആദ്യമായി ‘സീറോ വേസ്റ്റാ’ക്കി മാറ്റുകയാണ്‌ ധർമടത്ത്‌. ഫ്ലക്സും ഹോർഡിങ്ങും, പ്ലാസ്റ്റിക്‌ ചെടിച്ചട്ടി പോലുള്ള മൂല്യവർദ്ധിത വസ്തുക്കളാകും.

ഇങ്ങനെ നിർമിച്ച മൂല്യവർദ്ധിത വസ്തുക്കൾ വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ പിണറായിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റിക്ക് കൈമാറും. തുടർന്ന്‌ 1,075 പൂച്ചട്ടികൾ മണ്ഡലത്തിലെ 215 അങ്കണവാടികൾക്ക്‌ വിതരണം ചെയ്യും.പൂച്ചട്ടികൾ മാത്രമല്ല, ബക്കറ്റ്, ട്രേ, കപ്പ് തുടങ്ങി പല ഉല്പ്പന്നങ്ങളും പുനസംസ്‌കരണത്തിലൂടെ നിർമിച്ചിട്ടുണ്ട്.

പുനരുപയോഗിക്കാനാവാത്ത പിവിസി ഫ്ലക്സ്, പോളി സ്റ്റെപ്പ്, നൈലോൺ, കൊറിയൻ ക്ലോത്ത് എന്നിവ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത് സർക്കാരും തിരഞ്ഞെടുപ്പ്‌ കമീഷനും നിരോധിച്ചിരുന്നു.100 ശതമാനം കോട്ടൺ, കടലാസ്‌, റീസൈക്കിൾ ചെയ്യാനാവുന്ന പോളി എഥിലിൻ എന്നിവയാണ് പകരം നിർദ്ദേശിച്ചത്. ധർമടത്ത്‌ പോളി എഥിലിൻ നിർമിതവും മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതുമായ ഇക്കോ സൈൻ പ്രിന്റുകളാണ് പ്രചാരണത്തിന്‌ ഉപയോഗിച്ചിരുന്നത്.

ഉപയോഗിച്ച ഇക്കോ സൈൻ മെറ്റീരിയൽ തിരഞ്ഞെടുപ്പിനുശേഷം എൽഡിഎഫ്‌ ഘടകങ്ങൾ മുഖേന ശേഖരിക്കുകയായിരുന്നു. ഇങ്ങനെ ശേഖരിച്ചവ എറണാകുളത്തെ റീസൈക്കിൾ പ്ലാന്റിലേക്കും തുടർന്ന്‌ ക്രഷിങ് യൂണിറ്റിലേക്കും മാറ്റി. പിന്നീട് യന്ത്രം ഉപയോഗിച്ച്‌ ക്രഷ് ചെയ്ത് പ്ലാസ്റ്റിക്കിന്റെ ആദ്യ രൂപമായ ഗ്രാന്യൂൾസ് ആക്കി. ഈ ഗ്രാന്യൂൾസ് ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളുടെ നിർമാണം.