ആലപ്പുഴ:
ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞു കയറിയവർ പിടിയിൽ. അനധികൃതമായി കടന്നുകൂടി അശ്ലീലച്ചുവയുള്ള കമൻറുകളിട്ടും കുട്ടികളെ ഭീഷണിപ്പെടുത്തിയും ക്ലാസ് തടസ്സപ്പെടുത്തുന്നത് കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.
വിവിധ സ്കൂളുകളിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എംകെ രാജേഷിെൻറ നേതൃത്വത്തിൽ നിയോഗിച്ച ടീമാണ് കുറ്റക്കാരെ കണ്ടെത്തിയത്. വിവിധ സോഷ്യൽ മീഡിയകളും ഓൺലൈൻ ഗെയിം ആപ്ലിക്കേഷനുകളും പ്രത്യേകമായി നിരീക്ഷിച്ചതിെൻറ അടിസ്ഥാനത്തിൽ, ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ സാധ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നു.
ഇവരിൽ അടുത്തകാലത്ത് കായംകുളം പ്രയാർ സ്കൂളിലെ ഗൂഗ്ൾ മീറ്റ് വഴി നടത്തിയ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി ക്ലാസിന് തടസ്സം വരുത്തിയവരെ അവരുപയോഗിച്ച മൊബൈൽ ഫോണുകളുൾെപ്പടെ ഗൂഗ്ളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. പിടിയിലായവർ പ്രായപൂർത്തിയാകാത്തവരാണ്.
മറ്റ് സ്കൂളുകളിൽനിന്ന് ലഭിച്ച പരാതിപ്രകാരം കൂടുതൽ പേരെ നിരീക്ഷിച്ചുവരുന്നു. ജില്ലയിൽ ഇത്തരം ക്രിമിനൽ പ്രവൃത്തികൾ ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.