Fri. Nov 22nd, 2024

ചെങ്ങന്നൂർ: 

കുതിരവട്ടം ചിറയുടെ പുനരുജ്ജീവനമുൾപ്പെടുന്ന അക്വാ ടൂറിസം പദ്ധതിയുടെ പ്രാഥമിക വിശദീകരണം ചേർന്നു. കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജ്‌ ഓഡിറ്റോറിയത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് വിശദീകരണം നടന്നത്. വെണ്മണി രണ്ടാംവാർഡിൽ കുതിരവട്ടം ചിറയിൽ ഫിഷറീസ് വകുപ്പ് പത്തുകോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ അക്വാ ടൂറിസം പാർക്ക് നിർമിക്കുന്നത്.

കുതിരവട്ടം ചിറയിലെ ജലസ്രോതസ് സംരക്ഷിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കോട്ടേജ്, നടപ്പാത, സൈക്കിൾ ട്രാക്ക്, ജിം, വായന മുറി, ഡോർമിറ്ററി തുടങ്ങിയ സൗകര്യമൊരുക്കും. മത്സ്യകൃഷിക്കായി കേജ് ഫാമിങ് യൂണിറ്റ്, നാടൻ മത്സ്യങ്ങളും മത്സ്യ വിത്തുൽപ്പാദനം നടത്തുന്നതിനായി ഹാച്ചറിയും അനുബന്ധ സൗകര്യങ്ങളും മത്സ്യവിൽപ്പനയ്‌ക്കായി പ്രത്യേക ഔട്ട്‌ലെറ്റും റെസ്‌റ്റോറന്റ് സംവിധാനങ്ങളും ഒരുക്കും.

മിയാവാക്കി വനം, പാർക്കിങ് സൗകര്യം, കോൺഫറൻസ് ഹാൾ, മിനി തിയേറ്റർ, ബോട്ടിങ്, ആംഗ്ലിങ് ക്ലബ്‌ തുടങ്ങിയവയും ഉണ്ടാകും. നിലവിലെ കെട്ടിടം, പാർക്ക് എന്നിവ നിലനിർത്തിയാണ് നിർമാണം. ജലസ്രോതസ് സംരക്ഷണത്തിൽ കേരളത്തിനു മാതൃകയായി പദ്ധതി മാറുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്‌ടർ ഷേയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ജോയിന്റ്‌ ഡയറക്‌ടർ ഇഗ്നേഷ്യസ് മൺറോ, കേരള സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസ്  പ്രിൻസിപ്പൽ ഡോ മനോജ് കിണി എന്നിവർ പദ്ധതി വിശദീകരിച്ചു.

ഏജൻസി ഫോർ  ഡെവലപ്മെന്റ് ഓഫ് അക്വാ കൾച്ചർ കേരള ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ് മഹേഷ്, തീരദേശ വികസന കോർപറേഷൻ എക്‌സി. എൻജിനീയർ ഐ ജി ഷിലു, ജെബിൻ പി വർഗീസ്,വെണ്മണി  ടി സി സുനിമോൾ, പി ആർ രമേശ് കുമാർ, പി എം തോമസ്, പി രാമചന്ദ്രക്കുറുപ്പ്, സി കെ ഉദയകുമാർ, നെൽസൺ ജോയി എന്നിവർ പങ്കെടുത്തു.