Mon. Dec 23rd, 2024

തൃശൂർ ∙

ഓണത്തിനുടുക്കാൻ ഖാദി സെറ്റുമുണ്ടുമായി ഖാദി ബോർഡ്. തൃശൂർ പ്രൊജക്ടിനു കീഴിൽ ഈ സാമ്പത്തിക വർഷം പുതുതായി ഇറക്കിയ ഉൽപന്നം ജില്ലയിലെ വിവിധ ഖാദി ഷോപ്പുകളിൽ എത്തിക്കഴിഞ്ഞു. പ്രൊജക്ടിനു കീഴിലുള്ള വിവിധ നൂൽപു കേന്ദ്രങ്ങളിൽ കൈകൊണ്ടു നൂറ്റിയെടുക്കുന്ന 33–ാം നമ്പർ നൂൽ ഉപയോഗിച്ചു നെയ്തെടുക്കുന്ന സെറ്റുമുണ്ട് പലനിറങ്ങളിലുള്ള കരകളോടു കൂടി ലഭ്യമാണ്.

ഏഴു ദിവസത്തോളം വെള്ളത്തിലിട്ടു ചവിട്ടി നൂലിന്റെ നിറവും അഴുക്കും കളഞ്ഞശേഷം പശയിൽ ഇട്ടു പുഴുങ്ങിയെടുത്ത ശേഷമാണ് ഇവ നെയ്തെടുക്കുന്നത്. കരയിടുന്നതിനായി പ്രകൃതിദത്തമായ ‘വാറ്റ് കളർ’ ആണ് ഉപയോഗിക്കുന്നത്. എത്രകാലം ഉപയോഗിച്ചാലും മങ്ങാത്ത നിറവും കഴുകും തോറും ഭംഗിയേറി വരുമെന്നുമുള്ളതാണ് ഇവയുടെ പ്രത്യേകത.

ചൂടു കാലത്തു തണുപ്പും തണുപ്പുകാലത്തു ചൂടും ഇവ നൽകുമെന്ന് ബോർഡ് അവകാശപ്പെടുന്നു. 840 രൂപ യഥാർഥ വിലയുള്ള സെറ്റുമുണ്ട് 30 ശതമാനം റിബേറ്റിനു ശേഷം 588 രൂപയ്ക്കു ലഭ്യമാണ്. ഇതുകൂടാതെ കനംകുറഞ്ഞ 100 നമ്പർ നൂലിൽ നെയ്തെടുത്ത സെറ്റ് സാരിയും മസ്‌ലിൻ സാരിയും 30 ശതമാനം റിബേറ്റോടെ ലഭ്യമാണ്.

By Rathi N