Sat. Apr 27th, 2024
തിരുവല്ല:

സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന ചോദ്യത്തിന് ജീവിതംകൊണ്ട് മറുപടി നൽകി ടിൻക്ബിറ്റ് എന്ന യുവസംഘം. എ നിഖിൽ തിരുവനന്തപുരം, കെ ആർ അജിത് മണിമല, ശ്രീജിത് ഷാജി കാഞ്ഞിരപ്പള്ളി, പി ആകാശ് ഫിലിപ് മല്ലപ്പള്ളി, മെറി ജയിംസ് അരുവിക്കുഴി കോട്ടയം, സുമി മേരി ഷിബു മണർകാട്, എസ്എൻ വിഘ്നേശ് അടൂർ എന്നിവരാണിവർ. വിഘ്നേശ് ശ്രീബുദ്ധയിൽ നിന്നും മറ്റുള്ളവർ കോട്ടയം കിടങ്ങൂർ സഹകരണ എൻജിനീയറിങ് കോളജിൽ നിന്നും പഠിച്ചിറങ്ങിയതേയുള്ളു. ഓണം ഒരുക്കാൻ നാടൻ വിഭവങ്ങളുടെ ഓൺലൈൻ വിപണി എന്നതാണ് ഇവരുടെ ലക്ഷ്യം. സഹായവുമായി കൃഷിവകുപ്പും ഹോർട്ടികോർപ്പുമുണ്ട്.

കർഷകരിൽനിന്ന് നേരിട്ടു സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും നാടൻ വിഭവങ്ങളും ഓൺലൈൻ സംവിധാനത്തിലൂടെ നഗരപ്രദേശങ്ങളിലെ റസിഡൻഷ്യൽ ഏരിയകളിലും ഫ്ലാറ്റുകളിലും എത്തിച്ചു നൽകുന്ന സംവിധാനമാണിത്. വിപണിയിലെ വില നിശ്ചയിച്ച് നൽകുന്നത് ജില്ലാ ഹോർട്ടികോർപ് മാനേജരാണ്. കൃഷി വകുപ്പിൽനിന്നു വിവിധ പഞ്ചായത്തുകളിൽ സർക്കാർ സംവിധാനത്തിൽ വിൽക്കാൻ സാധിക്കാത്ത വസ്തുക്കളുടെ വിവരം ജില്ലാ മാർക്കറ്റിങ് അസിസ്റ്റൻറ് ഡയറക്ടർ മുഖാന്തരവും ലഭ്യമാക്കും. www.naadanvipani.com എന്ന വെബ്സൈറ്റിലൂടെയോ, 9495993895 എന്ന വാട്സാപ് നമ്പർ വഴിയോ ഓർഡർ ചെയ്യാം. 24 മണിക്കൂറിനുള്ളിൽ കിറ്റ് വീട്ടിലെത്തിക്കും.

അടൂർ മേഖലയിൽ വിജയകരമായി പ്രവർത്തിക്കുന്ന സംവിധാനം തിരുവല്ലയിലും തുടങ്ങിയിട്ടുണ്ട്. ഒരു വർഷം മുൻപ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ റീബൂട്ട് കേരള ഹാക്കത്തണിൽ പങ്കെടുക്കാൻ കിട്ടിയ അവസരമാണ് യുവകൂട്ടായ്മയ്ക്ക് വഴിത്തിരിവായത്. തുടർന്നു വന്ന ഗ്ലോബൽ ഹാക്കത്തണിൽ റണ്ണറപ്പ് ആയി 2 ലക്ഷം രൂപ സമ്മാനം ലഭിച്ചു. ഇതിൽ നിന്നാണ് കർഷകരിൽ നിന്നു ഉൽപന്നങ്ങൾ നേരിട്ട് വാങ്ങി ഓൺലൈൻ വഴി വീടുകളിലെത്തിക്കുന്ന പദ്ധതി തുടങ്ങിയത്.