Mon. Dec 23rd, 2024

തൃശൂർ ∙

പുലിക്കളിയുടെ അരമണിക്കിലുക്കം ലോകത്തെ ‘വെർച്വൽ’ ആയി കാണിച്ചുകൊടുക്കാൻ ഫെയ്സ്ബുക്. കൊവിഡ് വെല്ലുവിളിക്കിടയിൽ അതിജീവന സന്ദേശമുയർത്തി അയ്യന്തോൾ പുലിക്കളി സംഘം കഴിഞ്ഞ ഓണത്തിനു നടത്തിയ വെർച്വൽ പുലിക്കളിയുടെ മാതൃകയിലാണ് ഇത്തവണ ഫെയ്സ്ബുക് നേരിട്ടു പുലിക്കളി വിഡിയോ ചിത്രീകരിച്ചത്. ഫെയ്സ്ബുക് നടത്തുന്ന ‘റോറിങ് ഓണം’ ആഘോഷത്തിന്റെ ഭാഗമായി ‘റോർ ടുഗെദർ’ എന്നു പേരിൽ വിഡിയോ ഇന്നു റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക് ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹൻ പറഞ്ഞു.

കൊവിഡ് കത്തിക്കയറിയ കഴിഞ്ഞ വർഷം ഓണക്കാലത്തു പരമ്പരാഗത രീതിയിൽ പുലിക്കളി നടത്താൻ പറ്റില്ലെന്നു മനസ്സിലാക്കിയതോടെയാണു വെർച്വൽ പുലിക്കളി എന്ന ആശയവുമായി അയ്യന്തോൾ സംഘം മുന്നോട്ടെത്തിയത്. 250 പേരോളമുള്ള സംഘത്തിന്റെ അധ്വാനത്തിനൊടുവിൽ ഫെയ്സ്ബുക്കിൽ സംപ്രേഷണം ചെയ്ത ‘വെർച്വൽ പുലിക്കളി’ തത്സമയം കണ്ടത് 65,000ൽ അധികം ആളുകളാണ്. അതിനു ശേഷവും ലക്ഷക്കണക്കിനു പേർ‌ ഇതു കണ്ടിരുന്നു.

പരസ്യ സംവിധായകൻ അതുൽ കാട്ടൂക്കാരനാണ് ഫെയ്സ്ബുക്കിനായി വിഡിയോ ചിത്രീകരിച്ചത്. അയ്യന്തോൾ സ്വദേശികളും പുലിക്കളി സംഘത്തിന്റെ സംഘാടക സമിതി അംഗങ്ങളുമായ പിഎൻ കൃഷ്ണപ്രസാദ്, മധുസൂദനൻ എന്നിവരുടെ ചിന്തയിൽ വെർച്വൽ പുലിക്കളി എന്ന ആശയം ഉദിക്കുന്നതും സംഘത്തിന്റെ പരിശ്രമത്തിനൊടുവിൽ വിജയകരമായി പരിപാടി അവതരിപ്പിക്കുന്നതുമാണ് 8 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ ഇതിവൃത്തം. ഈ മാസം 2 മുതൽ 6 വരെയായിരുന്നു ഷൂട്ടിങ്.

നേരത്തെ ദീപാവലിയും ഈദും ഉൾപ്പെടെ ദേശീയ തലത്തിലുള്ള വിശേഷാവസരങ്ങളിൽ മോർ ടുഗെദർ എന്ന പേരിൽ കൂട്ടായ്മയുടെ സന്ദേശവുമായി ഫെയ്സ്ബുക് വിഡിയോകൾ തയാറാക്കിയിരുന്നെങ്കിലും സംസ്ഥാനതലത്തിലുള്ള ഉത്സവം ഇതാദ്യമായാണ് പ്രമേയമാക്കുന്നതെന്ന് അജിത് പറഞ്ഞു. അകലങ്ങളിലിരുന്നും ഒന്നിച്ചു കാര്യങ്ങൾ ചെയ്തു വിജയിക്കാം എന്ന ആശയമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങളെ നേരിടാൻ കേരളം കൈകോർത്തു നിന്നതും ചിത്രത്തിൽ പരാമർശിക്കുന്നു.

കൊവിഡ് ലോക്ഡൗണിനെത്തുടർന്നു പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു കൂടി ചിത്രം ഉണർവേകും. കൊവിഡ് പ്രതിസന്ധി ലോകം മുഴുവൻ ഡിജിറ്റൽ മാറ്റത്തിന്റെ വേഗം കൂട്ടി. ഫെയ്സ്ബുക് വഴി ഒട്ടേറെ പേർ പുതിയ സംരംഭ സാധ്യതകൾ കണ്ടെത്തി.

കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലുമായി പ്രതിമാസം 41.6 കോടി ആളുകൾ ഫെയ്സ്ബുക് ഉപയോഗിക്കുന്നുണ്ട്. 23.4 കോടി പേർ ദിവസേന ഫെയ്സ്ബുക് ഉപയോഗിക്കുന്നു. ഫെയ്സ്ബുക്കിന്റെ ഓഡിയോ റൂം പ്ലാറ്റ്ഫോം അധികം വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും അജിത് മോഹൻ പറഞ്ഞു

By Rathi N