Sat. Apr 20th, 2024
കരുനാഗപ്പള്ളി:

കോവിഡ് വാക്സിനേഷനിൽ തീരദേശ ഗ്രാമമായ അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം. 18 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിൻ നൽകുകയും 100 ശതമാനം പേർക്കും ആദ്യ ഡോസിന്‌ അവസരം ഒരുക്കുകയും ചെയ്‌തു. ഈ നേട്ടത്തിലെത്തുന്ന ജില്ലയിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ്‌ അഴീക്കലിലേത്‌.

അഴീക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനായി. ഹാർബറും ബീച്ചും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ബഹുഭൂരിപക്ഷവും മീൻപിടിത്തത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. വാക്‌സിൻ കവറേജ് കൂടിയതോടെ പ്രദേശത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

രോഗം ബാധിക്കുന്നവർ ഗുരുതര സാഹചര്യത്തിലേക്ക്‌ എത്താതിരിക്കാനും വാക്‌സിനേഷൻ വഴി കഴിഞ്ഞു.
ഞായറും മറ്റു പൊതുഅവധി ദിവസങ്ങളിലും ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ നടത്തിയാണ് ആശുപത്രി നേട്ടം കൈവരിച്ചതെന്ന് അഴീക്കൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ആർ അരുൺ പറഞ്ഞു. വാക്‌സിൻ ലഭിക്കേണ്ടവരുടെ മൊത്തം പേരുവിവരങ്ങൾ തുടക്കത്തിൽതന്നെ ശേഖരിച്ച്‌ അവരിൽ രോഗമുള്ളവർ, വൈകല്യങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി.

കിടപ്പുരോഗികൾക്ക്‌ വീട്ടിലെത്തി വാക്‌സിൻ നൽകാനായി. ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, ക്ലസ്റ്റർ ലീഡർമാർ, പഞ്ചായത്ത്‌ അംഗങ്ങൾ, വളന്റിയർമാർ എന്നിവരുടെ കൂട്ടായ പ്രയത്നവും പരാതികൾക്ക്‌ ഇടനൽകാതെ വാക്‌സിൻ നൽകാൻ സഹായിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും കരയോഗങ്ങളുടെയും പിന്തുണ ലഭിച്ചതായും അധികൃതർ പറഞ്ഞു.

മീൻപിടിത്ത മേഖലയായതിനാൽ ജില്ലാ മെഡിക്കൽ ഓഫീസർ, ആർസിഎച്ച് ഓഫീസർ എന്നിവർ നൽകിയ പ്രത്യേക പരിഗണനയും വേഗത്തിൽ നേട്ടം കൈവരിക്കാൻ സഹായിച്ചു.