Fri. Nov 22nd, 2024

കൊച്ചി:

വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിന്‌ രാജഗിരി എൻജിനിയറിങ്‌ കോളേജിനുസമീപം കടമ്പ്രയാറിലുള്ള താൽക്കാലിക ബണ്ട് സമയബന്ധിതമായി മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ബണ്ട് മാറ്റാനുള്ള പദ്ധതിക്ക്‌ രൂപംനൽകിയത്. ചമ്പക്കര കനാലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ സ്ഥാപിച്ച താൽക്കാലിക ബണ്ടാണ് മാറ്റുന്നത്.

ഇൻഫോപാർക്ക് രണ്ടാംഘട്ടം, സ്മാർട്ട് സിറ്റി മേഖലകളിലേക്ക് വാട്ടർ മെട്രോ ബോട്ട് സർവീസുകൾ ദീർഘിപ്പിച്ച്  യാത്രാപ്രശ്നത്തിന് പരിഹാരം കാണലാണ് ലക്ഷ്യം. മെട്രോ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി ബോട്ട് യാർഡിൽ എത്തിക്കാനും ബണ്ട് നീക്കണം.

കിൻഫ്ര, പ്രത്യേക സാമ്പത്തിക മേഖല, നിറ്റാ ജലാറ്റിൻ, ഫിലിപ്സ് കാർബൺ, കൊച്ചി കടലാസ്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ കടമ്പ്രയാറിൽനിന്ന് വെള്ളം എടുക്കുന്ന സെക്‌ഷൻ പോയിന്റുകൾ മാറ്റിസ്ഥാപിക്കും.

ഇതിനായി ജലവിഭവവകുപ്പ്‌ 26 കോടി രൂപയുടെ പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കി. എസ്റ്റിമേറ്റ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിന്‌ നൽകിയിരിക്കുകയാണ്‌. നടപടികൾ പൂർത്തിയാകുമ്പോൾ വാട്ടർ മെട്രോ റൂട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

ബണ്ട് മാറ്റിസ്ഥാപിക്കുന്നതുമൂലം രാജഗിരി കോളേജ്‌ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ജലവിഭവവകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കും. ഡിസംബറിൽ മന്ത്രിതലയോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ വിവിധ വകപ്പുകളെയും വാട്ടർ മെട്രോയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

By Rathi N