പാലാ:
ബൈപാസ് റോഡ് ഇനിമുതൽ ‘കെ എം മാണി ബൈപാസ് റോഡ്’ എന്നറിയപ്പെടും. ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവായി. കെ എം മാണിയുടെ വീടിനു മുന്നിലൂടെയാണ് പാലായുടെ വികസനത്തിൽ പ്രധാന ഇടം നേടിയ ഈ പാത. കെ എം മാണി ധനമന്ത്രിയായിരിക്കെ 2014ലാണു നിർമാണം ആരംഭിച്ചത്. 15 മീറ്റർ വീതിയിലാണു റോഡ്. വികസനത്തിനായി അദ്ദേഹം സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്തു.
പാലാ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് പാത നിർമിച്ചത്. ഏറ്റുമാനൂർ–പൂഞ്ഞാർ റോഡിൽ പുലിയന്നൂർ പാലം മുതൽ പാലാ-തൊടുപുഴ റോഡിൽ കിഴതടിയൂർ ജംക്‌ഷൻ വരെ 4 കിലോമീറ്റർ ദൂരത്തിലാണിത്. സിവിൽ സ്റ്റേഷൻ മുതൽ പുലിയന്നൂർ വരെ നേരത്തേ റോഡ് ഉണ്ടായിരുന്നു.
എന്നാൽ വീതിക്കുറവും കയറ്റിറക്കങ്ങളുമുള്ള റോഡിലൂടെ ഗതാഗതം ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. ഈ ഭാഗത്തു വീതി കൂട്ടുകയും കയറ്റിറക്കങ്ങൾ കുറയ്ക്കുകയും ചെയ്താണ് മനോഹരമായ സമാന്തര റോഡ് നിർമിച്ചത്.