Wed. Jan 22nd, 2025
നെടുങ്കണ്ടം:

ഓണക്കാലത്തു രാമക്കൽമെട്ടിൽ കള്ളിമുൾ ചെടികളുടെ പൂക്കാലം. ഇവ ‘കാക്ടസീ’ സസ്യകുടുംബത്തിലെ അംഗങ്ങളാണ്. വരണ്ട സ്ഥലങ്ങളിൽ വളരുന്ന ഇവ വെള്ളം ലഭ്യമാകുമ്പോൾ ശേഖരിച്ച് സൂക്ഷിക്കും. ഏറെക്കാലം ജലം ഇല്ലാതെ ജീവിക്കും. കാണ്ഡവും മുള്ളുകളുമാണ് ചെടികളുടെ പ്രധാന ആകർഷണീയത. രാമക്കൽമെട്ടിൽ 7 വർഷം മുൻപ് ഡിടിപിസിയാണ് കള്ളിമുൾച്ചെടി നട്ടത്.

ഏഴാം വർഷം ആദ്യമായി പൂവിട്ടതോടെ കാഴ്ച്ചക്കാർ ഏറി. വളരെ ഉയരത്തിൽ വളരുന്നവയും ഒരു പന്തിനോളം മാത്രം വലിപ്പം ഉള്ളവയും ഉൾപ്പെടെ വിവിധ തരം ചെടികൾ രാമക്കൽമെട്ടിലുണ്ട്. മിക്കവാറും എല്ലാ ഇനങ്ങൾക്കും നിറയെ മുള്ളുകൾ ഉണ്ടായിരിക്കും.

എന്നാൽ, രാമക്കൽമെട്ടിലെ കള്ളിമുൾച്ചെടികൾക്ക് മുള്ളുകൾ കുറവും ഉയരം കൂടുതലുമാണ്. സാധാരണയായി പുഷ്പിക്കാത്ത ചെടിയായിട്ടാണു പരിഗണിക്കുന്നതെങ്കിലും ചില ഇനങ്ങളിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. ചിലയിനം ചെടികളിൽ ഭക്ഷ്യയോഗ്യമായ പഴങ്ങളും ഉണ്ടാകാറുണ്ട്.