വിഴിഞ്ഞം:
വിഴിഞ്ഞത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ഷെഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി, ഗോതമ്പ്, ആട്ട എന്നിവ പൊലീസ് പിടികൂടി. സംഭവുമായി വിഴിഞ്ഞം പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം എസ് ഐ കെ എൽ സമ്പത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് റേഷനരി പിടികൂടിയത്.
വെങ്ങാനൂർ സ്വദേശി ഷറഫുദീൻ്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നാണ് റേഷനരി പിടികൂടിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 17 ചാക്ക് ചമ്പാവരി, 18 ചാക്ക് ചാക്കരി, എട്ട് ചാക്ക് ഗോതമ്പ് എന്നിവയാണ് കണ്ടെടുത്തത്. സമീപത്തെ ഷെഡിൽ നിന്ന് ഫുഡ് കോർപറേഷൻ്റെ മുദ്ര പതിപ്പിച്ച നിരവധി ചാക്കുകളും കണ്ടെത്തിയിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
റേഷനരിയെ അരിയെ മറ്റ് മുന്തിയ ഇനം അരികളുമായി കൂട്ടിക്കലർത്തിയശേഷം വിവിധ ബ്രാൻഡെഡ് അരികളുടെ ചാക്കുകളിൽ നിറച്ചാണ് വിൽപനയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് അറിയിച്ചതനുസരിച്ച് അമരവിള റേഷനിങ് ഇൻസ്പെക്ടർ ഡി സിജി സ്ഥലത്തെത്തി അരിചാക്കുകൾ പരിശോധിച്ച് റേഷൻ ചാക്കുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത അരിച്ചാക്കുകൾ നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് ഓഫിസിലേക്ക് മാറ്റി ഇത് വിൽപന നടത്തിയശേഷം സർക്കാറിലേക്ക് ഇതിൻ്റെ തുകയടക്കുമെന്നും അദ്ദേഹം അറിയിച്ചു.