Tue. Nov 5th, 2024

പാലക്കാട്‌:

എഴുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനം ജില്ലയിൽ സമുചിതം ആഘോഷിച്ചു. പാലക്കാട്‌ കോട്ടമൈതാനത്ത്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പതാക ഉയർത്തി സല്യൂട്ട്‌ സ്വീകരിച്ചു. നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ വ്യാവസായിക സംസ്‌കാരത്തിൽ പങ്കാളികളാവാൻ യുവതലമുറ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മാനദണ്ഡം പാലിച്ച് കോട്ടമൈതാനത്ത് നടന്ന പരിപാടിയിൽ വി കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, കലക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്,

നഗരസഭാ വൈസ്ചെയർമാൻ ഇ കൃഷ്ണദാസ്, റവന്യൂ ഡിവിഷണൽ ഓഫീസർ ബൽപ്രീത് സിങ്, എഡിഎം കെ മണികണ്‌ഠൻ, അസിസ്റ്റന്റ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ കെ പി റീത്ത എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷ പരേഡിന് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എ ആദം ഖാൻ നേതൃത്വം നൽകി. പരേഡിൽ ജില്ലാ ആംഡ്‌ റിസർവ്, കെഎപി സെക്കൻഡ്‌ ബറ്റാലിയൻ, വനിതാവിഭാഗം ലോക്കൽ പൊലീസ്, പാലക്കാട് ലോക്കൽ പൊലീസ്, കെഎപി സെക്കൻഡ്‌ ബറ്റാലിയൻ (ബാൻഡ്) എന്നീ അഞ്ച് പ്ലാറ്റൂണുകൾ അണിനിരന്നു.

By Rathi N