Wed. Jan 22nd, 2025

കൊച്ചി:

കൊവിഡ്‌ ആശ്വാസ പദ്ധതിയുടെ സൗജന്യങ്ങളും സഹായങ്ങളും ഗതാഗത, ടൂറിസം മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌. ഇതിനുള്ള ക്രമീകരണങ്ങൾ വരുത്തിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചതായും എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ്‌ ദി പ്രസ്സിൽ മന്ത്രി പറഞ്ഞു.

സമ്പദ്‌ഘടനയിൽ വലിയ പ്രതിസന്ധിയാണ്‌ കൊവിഡ്‌ സൃഷ്‌ടിച്ചത്‌. സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങളുടെ പ്രതിസന്ധിയിൽ പരമാവധി ഒപ്പംനിൽക്കാനാണ്‌ ശ്രമിക്കുന്നത്‌. കൊവിഡ്‌ പ്രത്യേക പാക്കേജ്‌ രണ്ടുഘട്ടമായി പ്രഖ്യാപിച്ചു.

വ്യവസായ സമൂഹത്തിന്‌ സഹായകമാകുന്നരീതിയിൽ പദ്ധതി മാറ്റി. മഹാമാരിയെ നേരിടുന്നതിന്‌ സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും ബിപിസിഎൽപോലെയുള്ള സ്ഥാപനങ്ങളും ഒത്തുചേർന്ന്‌ പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യവസായികളുടെ പ്രശ്‌നം പരിഹരിക്കാൻ വ്യവസായവകുപ്പ്‌ സംഘടിപ്പിക്കുന്ന അദാലത്ത്‌ 24ന്‌ കോഴിക്കോട്‌ നടക്കും. തുടർന്ന്‌ മറ്റ്‌ ജില്ലകളിലും നടത്തും. നടന്ന സ്ഥലങ്ങളിൽ തുടർപരിശോധന നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

ആമ്പല്ലൂർ ഇലക്ട്രോണിക്‌സ്‌ പാർക്കിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ കെഎസ്‌ഐഡിസിയുടെ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഏറ്റെടുത്ത സ്ഥലത്ത്‌ തണ്ണീർത്തടം ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം കമ്മിറ്റി പരിശോധിക്കുമെന്നും പി രാജീവ്‌ പറഞ്ഞു.

By Rathi N