Wed. May 8th, 2024
പിലാത്തറ:

ചെറുതാഴം പഞ്ചായത്തിനെ സമ്പൂർണ നെൽവയൽ ഗ്രാമമാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കമായി. കൈപ്പാടും, കരനെൽകൃഷിയും ഉൾപ്പെടെ അഞ്ഞൂറ് ഹെക്ടറോളം നെൽപ്പാടം ചെറുതാഴത്തുണ്ട്. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും വരൾച്ചയും കൃഷിനാശം സൃഷ്ടിക്കുകയും കർഷകരെ കൃഷിയിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നുണ്ട്.

ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യാവശ്യമാണ്.ജല ലഭ്യത ഉറപ്പുവരുത്താൻ തടയണ നിർമിക്കുക, അതിവർഷത്തിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്‌ നീർച്ചാലുകളുടെ ആഴവും വിസ്തൃതിയും കൂട്ടുക, യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുക, യന്ത്രങ്ങൾ വയലിൽ എത്തിക്കാൻ റോഡുകൾ നിർമിക്കുക തുടങ്ങിയവയ്ക്കാണ് മുൻഗണന നൽകുന്നത്.

ആദ്യപടിയെന്ന നിലയിൽ പഞ്ചായത്തിലെ പതിമൂന്ന് പാടശേഖരങ്ങളുടെയും യോഗങ്ങൾ വിളിച്ച്‌ കർഷകരിൽനിന്നും പാടശേഖരസമിതി ഭാരവാഹികളിൽനിന്നും വിവരശേഖരണം നടത്താൻ തുടങ്ങി. ഈ വർഷം രണ്ടാം വിള നെൽകൃഷി പൂർണമായും നടത്തും.