Sat. Jan 18th, 2025

മൂവാറ്റുപുഴ:

നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നിന്നും മൂവാറ്റുപുഴ പോലീസ് വിട്ടു നിന്നുവെന്ന്​ പരാതി. ഞായറാഴ്ച രാവിലെ നെഹ്രു പാർക്കിൽ നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ നിന്നടക്കമാണ് ​പൊലീസ് വിട്ടു നിന്നത്.

സാധാരണ എല്ലാവർഷവും ചടങ്ങിൽ ഔദ്യോഗികമായി പോലീസ് പങ്കെടുക്കാറുണ്ട്. എന്നാൽ ഇത്തവണപോലീസ് എത്തിയില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഘോഷയാത്ര അടക്കമുള്ള വിപുലമായ പരിപാടികൾ ഒഴിവാക്കിയിരുന്നുവെന്നും , ദേശീയ പതാകയുയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പൊലീസിനെ ക്ഷണിച്ചിരുന്നുവെന്നും മുനിസിപ്പൽ ചെയർമാൻ പിപി എൽദോസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ തന്നെഎക്സൈസ്, അഗ്നിശമനസേന, എൻസിസി, സ്കൗട്ട്, ഗൈഡ് തുടങ്ങിയ സേനാ വിഭാഗങ്ങളെപ്രതിനിധീകരിച്ച് സേനാംഗങ്ങൾ എത്തിയിരുന്നു. ചടങ്ങിൽ പൊലീസ്​ പ്രതിനിധി എത്താതായതോടെ വിവരം അന്വേഷിച്ചപ്പോഴാണ് സ്റ്റേഷനിൽ പതാകയുയർത്തൽ ചടങ്ങുള്ളതുകൊണ്ട് പങ്കെടുക്കുന്നില്ലന്ന് അറിയിച്ചതെന്നും ചെയർമാൻ പറഞ്ഞു. എന്നാൽ തങ്ങളെ ചടങ്ങു നടക്കുന്നവിവരം അറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

സാധാരണ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം വിളിക്കാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിന ചടങ്ങുകളെ ഗൗരവമായി കാണാതെ വിട്ടുനിന്ന പോലീസ് നടപടിക്കെതിരെ നഗരസഭാ ചെയർമാൻ പിപി എൽദോസ് ജില്ല പോലീസ് മേധാവിക്കും കലക്ടർക്കു പരാതി നൽകി.

By Rathi N