ആലപ്പുഴ ∙
ജില്ലയിൽ 60 വയസ്സിനുമേൽ പ്രായമുള്ളവർക്കായി നടത്തിയ പ്രത്യേക കൊവിഡ് വാക്സിനേഷൻ പരിപാടി വിജയമായതിനു പിന്നാലെ ഈ ആഴ്ച കിടപ്പു രോഗികൾക്കു വാക്സീൻ നൽകുന്നതിനു പ്രത്യേക പരിപാടി തുടങ്ങും. കഴിഞ്ഞ 11 മുതൽ ഇന്നലെ വരെ 60 വയസ്സിനു മേൽ പ്രായമുള്ളവർക്കു മാത്രമാണ് വാക്സീൻ വിതരണം ചെയ്തത്.
ഈ വിഭാഗത്തിൽ 98% പേർക്കും വാക്സീൻ ലഭ്യമായെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ വാക്സിനേഷൻ കഴിഞ്ഞപ്പോൾ ഏകദേശം 20,000 ഡോസ് വാക്സീൻ ബാക്കിയായിട്ടുണ്ട്. കൂടാതെ 50,000 ഡോസ് വാക്സീൻ പുതിയതായി ജില്ലയിലെത്തിയിട്ടുണ്ട്.
ഇന്നു മുതൽ എല്ലാ വിഭാഗങ്ങൾക്കുമുള്ള വാക്സിനേഷൻ പുനരാരംഭിക്കും. ആലപ്പുഴ നഗരത്തിലെ തീരമേഖലയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലെ തുമ്പോളിയിൽ പ്രത്യേകമായി വാക്സിനേഷൻ സൗകര്യമൊരുക്കി.
നാട്ടുകാരുടെ സൗകര്യാർഥം വൈകിട്ട് 5.30 മുതൽ 1000 ഡോസ് വാക്സീൻ ആണ് വിതരണം ചെയ്തത്. എല്ലാ പ്രായക്കാർക്കും വാക്സീൻ വിതരണം ചെയ്യും എന്നറിയിച്ചിരുന്നതിനാൽ വലിയ തിരക്കുണ്ടായിരുന്നു.