Mon. Dec 23rd, 2024

അമ്പലപ്പുഴ ∙

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ പെണ്ണുക്കര കവിണോടിയിൽ തങ്കപ്പൻ (68) മരിച്ച ദിവസവും തുടർന്നുള്ള 3 ദിവസങ്ങളിലും മകൻ ജിത്തു എത്തി രോഗവിവരം അന്വേഷിച്ചപ്പോൾ ജീവനക്കാരിൽ നിന്നു ലഭിച്ച മറുപടി ‘എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കാം’ എന്ന്. പക്ഷേ 14ന് വൈകിട്ട് അച്ഛനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ജിത്തുവിന് തങ്കപ്പനെന്ന പേരിൽ രോഗിയില്ലെന്നാണു മറുപടി കിട്ടിയത്.

ജിത്തു തർക്കിച്ചപ്പോഴാണു തങ്കപ്പൻ മരിച്ചുവെന്ന് റജിസ്റ്റർ പരിശോധിച്ച ജീവനക്കാർ അറിയിച്ചത്. തങ്കപ്പന്റെ ഭാര്യ ചന്ദ്രികയും കൊവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. 7ന് രാവിലെയാണ് ചന്ദ്രികയെ മുളക്കുഴയിലെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

ഭാര്യയ്ക്കു കൂട്ടിരിക്കാനാണ് തങ്കപ്പൻ എത്തിയത്. പക്ഷേ 9ന് പെട്ടെന്നു തളർച്ചയുണ്ടായതിനെത്തുടർന്നാണു തങ്കപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. ഇതോടെ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചു മകൻ ജിത്തു എത്തി. ജിത്തു അമ്മയോടൊപ്പം നാലാം വാർഡിലുണ്ടായിരുന്നു.

ദിവസവും ഐസിയുവിൽ എത്തി തങ്കപ്പന്റെ രോഗവിവരം അന്വേഷിച്ചിരുന്നെങ്കിലും എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കാമെന്ന ജീവനക്കാരുടെ മറുപടികേട്ട് ആശ്വാസത്തോടെ മടങ്ങുകയായിരുന്നു. 14ന് വൈകിട്ട് അച്ഛനെക്കുറിച്ച് അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. അമ്മയെ അറിയിക്കാതെ ജിത്തു ഉടൻ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

തങ്കപ്പന്റെയും ചന്ദ്രികയുടെയും ജിത്തുവിന്റെയും ഫോൺ നമ്പറും രോഗികളുടെ വിലാസവും ആധാർ കാർഡും ആരോഗ്യ ഇൻഷുറൻസ് രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ആശുപത്രിയിലുണ്ടായിട്ടും അധികൃതർ അറിയിച്ചില്ലെന്നാണു പരാതി. തങ്കപ്പന്റെ മൃ‍തദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ചന്ദ്രികയ്ക്ക് ഇന്നലെ കൊവിഡ് നെഗറ്റീവായി. തങ്കപ്പന്റെ മറ്റൊരു മകൻ ജിതിൻ (ദുബായ്).

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരായ ആരോപണത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

By Rathi N