Mon. Dec 23rd, 2024

തൃശൂർ:

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് അവർ ബാങ്കിൽ നിക്ഷേപിച്ച തുക ഗഡുക്കളായി നൽകുന്നതിനെതിരെ പൊലീസിൽ പരാതി. ഇരിങ്ങാലക്കുട സ്വദേശി നിഷാ ബാലകൃഷ്ണനാണ് പരാതി നൽകിയത്.

ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ട് ചിലർ ചെയ്ത തട്ടിപ്പിന്റെ പേരിൽ ബാങ്കിനു മുന്നിൽ എല്ലാ ആഴ്ചയും വരി നിൽക്കാനാകില്ലെന്നും മുഴുവൻ നിക്ഷേപ തുകയും ഒരുമിച്ച് നൽകണമെന്നുമാണ് ആവശ്യം. ഇതിനായി സർക്കാർ ഇടപെടണമെന്നും നിഷാ ബാലകൃഷ്ണൻ അഭ്വർത്ഥിച്ചു.

പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോൾ നിലവിലെ സാഹചര്യത്തിൽ നിർവ്വാഹമില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച മറുപടി. എന്ന് കിട്ടുമെന്നും പറയാൻ കഴിയില്ലെന്നും ബാങ്കിൽ നിന്ന് അറിയിച്ചു.

ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ കൃത്യവിലോപത്തിന് നിക്ഷേപക എന്ന നിലയിൽ താനെന്തിന് സഹിക്കണമെന്നും പണം തിരികെ ലഭിക്കണമെന്നും നിഷ പ്രതികരിച്ചു.

ടോക്കൺ നൽകുന്ന തിങ്കളാഴ്ച ദിവസങ്ങളിൽ കരിവന്നൂർ ബാങ്കിന് മുന്നിൽ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെടുന്നത്. ക്യൂവിൽ നിന്ന് ടോക്കൺ വാങ്ങിയാൽ മാത്രേ ആ ആഴ്ച ഇടപാട് നടത്താൻ കഴിയൂ.

നിക്ഷേപകർക്ക് പണം ഘഡുക്കളായി മാത്രമാണ് നൽകുന്നത്. ആഴ്ചയിൽ 10,000 രൂപ മാത്രമാണ് ലഭിക്കുക. സ്വന്തം പണം കിട്ടാൻ വേണ്ടി മാസങ്ങളോളം കരുവന്നൂരിലെത്തി ക്യൂവിൽ നിന്ന് പണം വാങ്ങേണ്ട ഗതികേടിലാണ് നിക്ഷേപകർ.

By Rathi N