Thu. Dec 19th, 2024
കല്ലമ്പലം:

പഞ്ചായത്തിൻ്റെ ഇടപെടലും കെഎസ്ഇബിയുടെ സഹകരണവും ഒത്തു വന്നപ്പോൾ 3 കുടുംബങ്ങളിൽ വെളിച്ചമെത്തി. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ 2 വിദ്യാർത്ഥികൾക്കാണ് ഇത് താങ്ങായത്. നാവായിക്കുളം നൈനാംകോണം ചരുവിളവീട്ടിൽ സന്ധ്യ,കാട്ടിൽ വീട്ടിൽ പ്രദീപ് എന്നിവരുടെ മക്കളാണ് വൈദ്യുതി ഇല്ലാത്തത് കാരണം പഠനം മുടങ്ങി വിഷമ സ്ഥിതിയിൽ ആയത്.

മറ്റൊന്ന് ഒറ്റയ്ക്ക് താമസിക്കുന്ന നൈനാംകോണത്ത് ഷിബു ഭവനിൽ കൗസല്യ. ഓണക്കാലത്ത് മൂന്നു കുടുംബങ്ങളും വെളിച്ചം എത്തിയ സന്തോഷത്തിലാണ്. നാവായിക്കുളം പഞ്ചായത്തിലെ 5–ാം വാർഡ് വികസന സമിതി സുമനസ്സുകളുടെ സഹായത്തോടെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയാണ് വൈദ്യുതി എത്തിച്ചത്.

കെഎസ്ഇബി അധികൃതർ കാര്യങ്ങൾ വേഗത്തിൽ ആക്കിയതോടെ കഴിഞ്ഞ ദിവസം മൂന്നു കുടുംബങ്ങളിലും വെളിച്ചമെത്തി. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

By Divya