മാരാരിക്കുളം:
അത്തമിടാൻ പൂക്കള്‍ വാങ്ങാൻ പണമില്ലെങ്കിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്നാല്‍ മതി. മാരാരിക്കുളം ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇത്തവണ ഓണത്തിന് നിര്‍ധനരായ കുട്ടികള്‍ക്ക് അത്തമിടാന്‍ പൂക്കള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി തുടങ്ങി.
പൊലീസ് സ്‌റ്റേഷന് മുന്നിലെ ചെണ്ടുമല്ലി തോട്ടത്തില്‍ നിന്ന് പൊലീസുകാര്‍ തന്നെ പൂക്കള്‍ പറിച്ച് നല്‍കും. കഞ്ഞിക്കുഴിയിലെ ഏതാനം കര്‍ഷകരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ലോക്ഡൗണ്‍കാലത്ത് ഒരുക്കിയതാണ് മനോഹരമായ ചെണ്ടുമല്ലി തോട്ടം.
അഞ്ഞൂറോളം ഗ്രോ ബാഗുകളിലാണ് ബന്ദി ചെടികള്‍ നട്ടിരിക്കുന്നത്. ആദ്യം പ്രദേശത്തെ അനാഥാലയങ്ങളിലേക്കാണ് പൂക്കള്‍ നല്‍കുന്നത്. വന സ്വർഗം ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിലെ കുട്ടികൾക്ക് പൂക്കൾ സമ്മാനിച്ച് പദ്ധതി തുടങ്ങി. വിളവെടുത്ത പൂക്കളുമായി പൊലീസുകാരും ഹോപ്പിലേക്ക് എത്തിയാണ് പൂക്കൾ സമ്മാനിച്ചത്.
കഞ്ഞിക്കുഴിയിലെ കര്‍ഷകരായ വി.പി. സുനില്‍, അനില്‍ലാല്‍,ജ്യോതിഷ് മറ്റത്തില്‍,സുജിത്ത് സ്വാമി നികര്‍ത്തില്‍, അജിത്ത് കുമാരപുരം, എം.അജേഷ്‌കുമാര്‍, സാനുമോന്‍, ഭാഗ്യരാജ്, ഫിലിപ്പ് ചാക്കോ, ശുഭകേശന്‍, ദീപങ്കര്‍, അഭിലാഷ് എന്നിവരാണ് ഗ്രോബാഗുകളില്‍ വളം നിറച്ച് സ്റ്റേഷനില്‍ എത്തിച്ച് ബന്ദി തൈകള്‍ നട്ടത്.
മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ്.രാജേഷിെൻറ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരാണ് കൃഷി പരിപാലനം ഏറ്റെടുത്തത്. ഇതിനായി പൊലീസുകാരും കര്‍ഷകരും ചേര്‍ന്നൊരു കമ്മറ്റിയും ഉണ്ടാക്കി.
മാരാരിക്കുളം സ്‌റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളുടേയും ടെന്‍ഷന്‍ മാറ്റാന്‍ പൂകൃഷി പ്രയോജനപ്പെടുന്നുണ്ടെന്ന് മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ്.രജേഷ് പറഞ്ഞു. സി.ഐ രാജേഷ്, .എസ്.ഐ. സഞ്ജീവ് കുമാർ, ഹോപ്പ് ഡയറക്ടർ ശാന്തി ലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു