Wed. Apr 24th, 2024

തൃശൂർ∙

ഫെയ്സ്ബുക് മെസഞ്ചറിലൂടെ വിഡിയോ കോൾ വിളിച്ച് സ്വയം നഗ്നത പ്രദർശിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന  സംഘങ്ങൾ പെരുകുന്നു. ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് നൂറുകണക്കിനു കേസുകൾ. പ്രതികൾ വടക്കേയിന്ത്യയിലെ ഏതെങ്കിലും നഗരങ്ങളിലുള്ളവർ.

ഫെയ്സ്ബുകിൽ പെൺകുട്ടികളുടെ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചാണു തട്ടിപ്പിനു തുടക്കം. ഇതു സ്വീകരിച്ചാലുടൻ മെസഞ്ചറിൽ സന്ദേശം വരും. വിശേഷങ്ങൾ ആരായും ചാറ്റിങ് തുടർന്നാലുടൻ മെസഞ്ചറിൽ വിഡിയോ കോൾ വിളിക്കും.

ഈ വിളി സ്വീകരിച്ചാൽ പിന്നെ തട്ടിപ്പിൽ പെട്ടതു തന്നെ. മാന്യമായി തുടങ്ങുന്ന വിഡിയോ കോളിൽ അപ്പുറത്തുള്ള പെൺകുട്ടി പെട്ടെന്നു മേൽവസ്ത്രമൂരി നഗ്നത പ്രദർശിപ്പിക്കും. ഈ സമയത്ത് വിഡിയോ കോൾ റെക്കോർഡ് ആയിരിക്കും.

ഇതിൽ നിന്നുള്ള സ്ക്രീൻഷോട്ട് അധികം വൈകാതെ മെസഞ്ചറിൽ അയയ്ക്കും. ഇതിൽ സ്ത്രീയുടെ നഗ്നതയ്ക്കൊപ്പം ഇൻസെറ്റിൽ കോൾ എടുത്തയാളുടെ മുഖവും ഉണ്ടാകുമെന്നതാണ് അപകടം. ഈ ചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കാതിരിക്കണമെങ്കിൽ പണം ഗൂഗിൾപേ ചെയ്യാനാണ് അടുത്ത നിർദേശം വരിക.

ഈ ഘട്ടത്തിലെത്തുമ്പോൾ പെൺകുട്ടിക്കു പകരം ഒരു സംഘം തന്നെ രംഗത്തു വരും. ഭീഷണികൾ പലവിധത്തിൽ വരും. പലരും മാനക്കേടു ഭയന്ന് പണം അയച്ചു തടിയൂരും. പൊതുവേ ഈ ദൃശ്യങ്ങൾ തട്ടിപ്പുസംഘം പ്രചരിപ്പിക്കാറില്ല.

പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് അവരുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ വരുന്ന മെസഞ്ചർ വിളികൾ എടുക്കാതിരിക്കുകയാണു നല്ലതെന്നാണു പൊലീസ് നൽകുന്ന നിർദേശം.

By Rathi N