Mon. Dec 23rd, 2024
റാന്നി:

പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) നിർമാണത്തിനായി വാങ്ങിയ സ്ഥലങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കോടികൾ വിലമതിക്കുന്ന സ്ഥലം ചെറു വനങ്ങളായി മാറി. കയ്യേറ്റവും നടക്കുന്നതായി പരാതിയുണ്ട്.

അര നൂറ്റാണ്ടു മുൻപാണ് പിഐപിയുടെ നിർമാണം ആരംഭിച്ചത്. നിർമാണ സാമഗ്രികൾ സൂക്ഷിക്കാനും മറ്റുമാണ് സ്ഥലം സർക്കാർ വിലയ്ക്കെടുത്തത്. പണി പൂർത്തിയാക്കും മുൻപ് പദ്ധതി കമ്മീഷൻ ചെയ്തു. പിന്നീട് ബന്ധപ്പെട്ടവരാരും സ്ഥലം സംരക്ഷിക്കാൻ തയാറായില്ല. റാന്നി, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ തുറന്നിരുന്ന പിഐപി ഓഫിസുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയും ചെയ്തിരുന്നു. റാന്നി മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിട്ടുള്ള സ്ഥലം പിഐപിയുടേതായിരുന്നു.

ഇവിടെ ഒഴിഞ്ഞു കിടന്ന കെട്ടിടങ്ങളിലാണ് ആദ്യം താലൂക്ക് ഓഫിസ് പ്രവർത്തിച്ചിരുന്നത്. അവയ്ക്കു തകർച്ച നേരിട്ടപ്പോൾ വാടക കെട്ടിടത്തിലേക്കു മാറ്റുകയും സിവിൽ സ്റ്റേഷൻ നിർമിച്ചപ്പോൾ പുനഃസ്ഥാപിക്കുകയുമായിരുന്നു. വടശേരിക്കര ടെലിഫോൺ എക്സ്ചേഞ്ചും വില്ലേജ് ഓഫിസും തോട്ടമൺ കൃഷിഭവനും നിർമിച്ചത് പിഐപി സ്ഥലത്താണ്.

റാന്നി ഗവ ഐടിഐക്കും വടശേരിക്കരയിൽ പൊലീസിനും സ്ഥലം നൽകിയിട്ടുള്ളത് പിഐപിയാണ്. പേഴുംപാറ ജംക്‌ഷനിൽ പിഐപിയുടെ സ്ഥലമുണ്ട്. ഇവിടെ സ്റ്റേഡിയം നിർമിക്കാനാണ് പദ്ധതി. ഇതിനു സർക്കാർ പണം അനുവദിച്ചിട്ടുണ്ട്.

വടശേരിക്കര കന്നാംപാലം മുതൽ ടെലിഫോൺ എക്സ്ചേഞ്ച് വരെ തോടിന്റെ കരയിൽ പിഐപിക്ക് സ്ഥലമുണ്ട്. ഇവിടെ പലരും കൃഷിയിറക്കിയിരിക്കുകയാണ്. ഉതിമൂട് വലിയകലുങ്കിനു സമീപം ഐടിഐക്ക് കൊടുത്തതിന്റെ ബാക്കി സ്ഥലം കിടപ്പുണ്ട്. പുതമൺ–കുട്ടത്തോട് റോഡിനോടു ചേർന്നും പിഐപിക്ക് സ്ഥലമുണ്ട്.

മരങ്ങൾ വളർന്ന് ഇവിടം വനമായി മാറിയിരിക്കുന്നു. ഇതോടു ചേർന്ന് റോഡിന്റെ എതിർ വശത്തുള്ള സ്ഥലം ഭൂരഹിതർക്കു നൽകാൻ സർക്കാർ പദ്ധതിയിട്ടെങ്കിലും കൈവശക്കാർ വിട്ടു കൊടുക്കാൻ തയാറായില്ല. തർക്കം കോടതിയുടെ പരിഗണനയിലാണ്

By Divya