പാലക്കാട്:
ജനകീയ സമിതി അംഗീകരിച്ച ഭൂരഹിത പട്ടികയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്കായി വിട്ടുനല്‍കിയ ഭൂമിയുടെ പേരില്‍ പട്ടികവര്‍ഗ സംഘടനയില്‍ ഉള്‍പ്പെട്ടവരെന്ന തരത്തില്‍ പണം പിരിക്കുന്നതായി ഫീല്‍ഡ് ഓഫിസര്‍മാര്‍ ശ്രദ്ധയിൽപെടുത്തിയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും ജില്ലയിലെ എംപി, എംഎല്‍എമാര്‍, പട്ടികവര്‍ഗക്കാരുള്ള പഞ്ചായത്തുകളിലെ പ്രസിഡൻറുമാര്‍ എന്നിവരടങ്ങുന്ന ജനകീയ സമിതി അംഗീകരിച്ച ഭൂരഹിത പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ ഭൂമി വിതരണത്തിനായി കണ്ടെത്തുന്നത്.
വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം നിക്ഷിപ്ത വനഭൂമി, സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിട്ടുകിട്ടിയ ഭൂമി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങുന്ന ഭൂമി എന്നിവയില്‍ നിന്നാണ് ഭൂമി വിതരണം നടത്തി വരുന്നത്.
എന്നാൽ, പട്ടികവർഗ സംഘടനയുടെ ആളുകളെന്ന പേരിൽ ചിലർ തങ്ങളുടെ ശ്രമഫലമായാണ് ഭൂമി ലഭിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുണഭോക്താക്കളിൽനിന്ന് തുക പിരിക്കുന്നതായാണ് ഫീൽഡ് ഓഫിസർമാർ അറിയിച്ചിട്ടുള്ളത്.